ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിനിർണയിക്കാൻ രാജ്യത്തിന്റെ ഹൃദയഭൂമിക ഇന്ന് വോട്ട് രേഖപ്പെടുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ രാജസ്ഥാനും മധ്യപ്രദേശും ആദ്യമായി ഇന്ന് പോളിംഗ് ബൂത്തിലെത്തും. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
ഒമ്പതു സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലെ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. മഹാരാഷ്ട്ര(17), രാജസ്ഥാൻ(13), യുപി(13), ബംഗാൾ(എട്ട്), ഒഡീഷ(ആറ്), മധ്യപ്രദേശ്(ആറ്), ബിഹാർ(അഞ്ച്), ജാർഖണ്ഡ്(മൂന്ന്) ജമ്മുകാഷ്മീർ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.
രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളാണിവ. സിപിഐയുടെ കനയ്യ കുമാര്‍, കോണ്‍ഗ്രസിന്റെ ഊര്‍മിള മതോണ്ട്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ആര്‍എല്‍സ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്റെ മകന് വൈഭവ് ഗഹ്ലോട്ടും നാലാംഘട്ടത്തില്‍ ജോദ്പൂരില്‍ നിന്ന് ജനവിധി തേടുന്നു. 72 മണ്ഡലങ്ങളിലായി ആകെ 945 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങൾ പതിവായതോടെ ബംഗാളിൽ ഇത്തവണ കനത്ത സുരക്ഷയാണ്. 580 കമ്പനി കേന്ദ്രസേനയെയാണു നിയോഗിച്ചിരിക്കുന്നത്.