സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനഹിതം നാളെ അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് മുന്പായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. നാളെ രാവിലെ സ്ട്രോങ് റൂമിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ അതാത് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലെ ഹാളിലേയ്ക്ക് മാറ്റും.
തെരഞ്ഞെടുപ്പ് നിരീക്ഷകൻ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവറും കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റന്റും ഉൾപ്പടെ മൂന്നുപേരാണ് ഉണ്ടാവുക. സൂപ്പർ ഫാസ്റ്റ് വേഗത്തിൽ വോട്ടെണ്ണെണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പത്തു മണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണാൻ അനുവദിച്ചിരിക്കുന്ന സമയം.
ഈ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയാൽ മതി. വോട്ടെണ്ണലിന്റെ ഒരു റൗണ്ട് പൂർത്തിയാക്കിയ ശേഷം അടുത്ത റൗണ്ടിലേയ്ക്ക് കടക്കുന്നതിന് മുന്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്. ഈ രീതിയിലാണ് വോട്ടെണ്ണൽ നടക്കുന്നതെങ്കിൽ ആദ്യ ഫല സൂചന പുറത്തുവരാൻ രാവിലെ ഒന്പതു മണിയോട് അടുത്താകുമെന്നാണ് കരുതുന്നത്.
ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റ് സ്ളിപ്പുകൾ എണ്ണുന്നതിനാലാണ് ഫല പ്രഖ്യാപനം വൈകുന്നത്. ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണി തീർന്നിട്ടാകും വിവിപാറ്റുകൾ എണ്ണുക. മുൻ തെരഞ്ഞെടുപ്പുകളിൽ നാലു മുതൽ ആറു മണിക്കൂറുകൾ വരെയാണ് വോട്ടെണ്ണാൻ എടുക്കുന്ന സമയം. വിവിപാറ്റുകൾ എണ്ണുന്നതിനാൽ അന്തിമ ഫലം അറിയാൻ പത്തുമണിക്കൂർ വരെ കാത്തിരിക്കേണ്ടി വരും.
സംസ്ഥാനത്ത് 23 കൗണ്ടിംഗ് സ്റ്റേഷനുകളിലായി140 വോട്ടെണ്ണൽ കേന്ദ്രങ്ങാളാണ് സജീകരിച്ചിരിക്കുന്നത്. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്. നാളെ രാവിലെ എട്ടുമണിവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണും. അതോടൊപ്പം ഇടിപിബിഎസ് വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്കാനിംഗ് നടക്കും. നിലവിൽ ഒരോ നിയമസഭാ മണ്ഡലങ്ങളിലും 14 കൗണ്ടിംഗ് ടേബിളുകളാണ് സജീകരിച്ചിരിക്കുന്നത്.
ആവശ്യമാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ കൂടുതൽ കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കും. നാലു കൗണ്ടിംഗ് ടേബിളുകളാണ് പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ പോസ്റ്റൽ വോട്ടുകൾ ഉള്ള മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ അധികം ടേബിളുകൾ സജ്ജീകരിക്കാം. വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങൾ ഇന്നലെ മുതൽ തന്നെ പോലീസിന്റെ പൂർണ നിയന്ത്രണത്തിലാണ്.
സംസ്ഥാന പോലീസിനു പുറമെ കേന്ദ്ര സേനയും സുരക്ഷാ ചുമതലയിലുണ്ട്. വോട്ടെണ്ണൽ ദിവസമായ നാളെ മദ്യ നിരോധ ദിനമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലം അപ്പപ്പോൾ ജനങ്ങളെ അറിയിക്കാൻ ഇലക്ഷൻ കമ്മീഷൻ മൊബൈൽ ആപ്പ് തുടങ്ങിയിട്ടുണ്ട്. ട്രെൻഡ് കേരള എന്ന ആപ്പിലൂടെ ഫലവും ഫലസൂചനയും അറിയാം. ഓരോ നിയമസഭാ മണ്ഡലടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും. ഇന്നു രാവിലെ മുതൽ മൊബൈലിലെ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.