തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ 23ന് ഉച്ചയോടെ അറിയാനാകും. എന്നാൽ, ഓരോ നിയമസഭാ മണ്ഡലത്തിലെയും വിവി പാറ്റുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വീണ്ടും അഞ്ചു മണിക്കൂർ വരെ വൈകാമെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയായശേഷമാണ് ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവി പാറ്റുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണുക. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ച ശേഷം ഇവിഎമ്മുകളിലെ ഫലം നാലുമുതൽ ആറുമണിക്കൂറിനുള്ളിൽ അറിയാനാകും.
സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. എട്ടരയോടെ മെഷീനുകളിലെ വോട്ടെണ്ണൽ തുടങ്ങും. പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ് ഒരു നിയമസഭാ മണ്ഡലത്തിനായും സജ്ജീകരിക്കുക. 14 ടേബിളിലും ഒരു മെഷീൻ വീതം എണ്ണുന്നതാണ് ഒരു റൗണ്ടായി കണക്കാക്കുന്നത്.
മെഷീനിലെ വോട്ടുകൾ ഓരോ റൗണ്ടും എണ്ണിത്തീരുമ്പോൾ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ (സുവിധ, ട്രെൻഡ്) ലഭ്യമാക്കും. കൂടുതൽ ടേബിളുകൾ വേണമെങ്കിൽ കൗണ്ടിംഗ് ഓഫീസർക്കു തീരുമാനിക്കാം.തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ഫലം അനൗദ്യോഗികമായി നേരത്തെ അറിയാനാകും.
എന്നാൽ നേരിയ ഭൂരിപക്ഷത്തിലുള്ളതിൽ തർക്കമുണ്ടായാൽ ഫല പ്രഖ്യാപനം രാത്രിയാകും. ഓരോ റൗണ്ടും എണ്ണി പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലേക്ക് കടക്കൂ. മെഷീനിലെ വോട്ടുകൾ എണ്ണക്കഴിഞ്ഞശേഷമാണ് വിവിപാറ്റ് എണ്ണിത്തുടങ്ങുക. മെഷീനിലെ ഫലവും പേപ്പർ സ്ലിപ്പിന്റെ എണ്ണവും തമ്മിൽ വ്യത്യാസം വന്നാൽ പേപ്പർ സ്ലിപ്പുകൾ വീണ്ടും എണ്ണും. പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമം.
രാവിലെ എട്ടിനു മുമ്പുവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണും. തപാൽ വോട്ട് എണ്ണാൻ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ മുറികൾ പ്രത്യേകമുണ്ടാകും. നാല് ടേബിളുകളാണ് പോസ്റ്റൽ വോട്ടുകൾ എണ്ണാൻ ക്രമീകരിക്കുക. മൊത്തം ലഭിച്ച പോസ്റ്റൽ ബാലറ്റുകളെക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണും. ഇക്കാര്യങ്ങളെല്ലാം വീഡിയോയിൽ ചിത്രീകരിക്കും.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കൂടുതൽ കൗണ്ടിംഗ് ടേബിളുകൾ വേണമെങ്കിൽ കമ്മീഷന്റെ അനുമതിയോടെ സജ്ജീകരിക്കാം. ഒൗദ്യോഗിക വീഡിയോ കാമറ മാത്രമേ കൗണ്ടിംഗ് ഹാളിൽ അനുവദിക്കുകയുള്ളു. കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവർ, ഒബ്സർവർമാർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി, ഇലക്ഷൻ ഏജന്റ്, കൗണ്ടിംഗ് ഏജന്റ് എന്നിവർക്കു മാത്രമാണ് കൗണ്ടിംഗ് ഹാളിൽ പ്രവേശനം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൂന്നുതല സുരക്ഷ ഏർപ്പെടുത്തും. കേന്ദ്രത്തിലും 100 മീറ്റർ പരിധിയിൽ ലോക്കൽ പോലീസിനെയും സായുധ പോലീസിനെയും ഗേറ്റിൽ കേന്ദ്ര റിസർവ് പോലീസിനെയുമാണ് വിന്യസിക്കുക. 16 കന്പനി കേന്ദ്രസേനയെക്കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിലും മുൻപും ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിർദേശവും പോലീസിന് നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.