കോട്ടയം: ലോക്സഭാ ഫലമറിയാൻ ഇനി ഏഴു നാൾ. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 23ന് രാവിലെ 7.30ന് സ്ട്രോഗ് റൂമിൽനിന്ന് ബാലറ്റ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും. എട്ടിനു പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ പുറത്തുവരും. യന്ത്രങ്ങളുടെ വോട്ടെണ്ണൽ ഒന്പതിനു തുടങ്ങും. 9.30ന് എല്ലാ മണ്ഡലങ്ങളിലെയും സൂചന ലഭിക്കും.
കോട്ടയം ലോക്സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ബ്രാക്കറ്റിൽ നിയമസഭാ മണ്ഡലങ്ങൾ: മൗണ്ട് കാർമൽ എച്ച്എസ്എസ് ഓഡിറ്റോറിയം (പാലാ, കടുത്തുരുത്തി), മൗണ്ട് കാർമൽ ബിഎഡ് ട്രെയിനിംഗ് കോളജ് (വൈക്കം), എംഡി സെമിനാരി എച്ച്എസ്എസ് ഓഡിറ്റോറിയം (കോട്ടയം, ഏറ്റുമാനൂർ, പിറവം), ബസേലിയോസ് കോളജ് (പുതുപ്പള്ളി, പോസ്റ്റൽ ബാലറ്റ്). എല്ലായിടത്തും നിശ്ചിതശതമാനം വിവി പാറ്റ് സ്ലിപ്പുകളുടെ എണ്ണലും നടക്കും. വ്യത്യാസമുണ്ടായാൽ വരണാധികാരി അടിയന്തരമായി ഇടപെട്ട് വീഴ്ച കണ്ടെത്തും.
ഇടുക്കി മണ്ഡലത്തിലെ വോട്ടെണ്ണൽ പൈനാവ് ഏകലവ്യൻ ഗവണ്മെന്റ് ട്രൈബൽ സ്കൂളിലും പത്തനംതിട്ട മണ്ഡലത്തിലെ വോട്ടെണ്ണൽ പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലും മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ ആലപ്പുഴ എസ്ഡി കോളജിലും തിരുവന്പാടി ഹയർസെക്കൻഡറി സ്കൂളിലും നടക്കും. ഉച്ചയ്ക്ക് ഒന്നോടെ വോട്ടെണ്ണൽ പൂർത്തിയായി അന്തിമഫലം പുറത്തുവരും.