ഗാംഗ്ടോക്/ഇറ്റാനഗർ: സിക്കിമിലും അരുണാചലിലും ഭരണകക്ഷി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. സിക്കിമിൽ ആകെയുള്ള 32 സീറ്റുകളിൽ 31ഉം നേടിയാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) അധികാരം നിലനിർത്തിയത്.
25 വർഷം തുടർച്ചയായി സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) വെറും ഒരു സീറ്റിലൊതുങ്ങി. നാളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കേ ബിജെപിക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് അരുണാചലിലെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചലിൽ ബിജെപി അധികാരത്തിലെത്തുന്നത്. സിക്കിമിൽ അധികാരത്തിലെത്തിയ എസ്കെഎം ബിജെപിയുമായി സഹകരിക്കുന്ന പാർട്ടിയാണ്.
അരുണാചലിൽ അജയ്യരായി ബിജെപി
60 അംഗ അരുണാചൽ നിയമസഭയിൽ 46 സീറ്റോടെ ബിജെപി അധികാരം നിലനിർത്തി. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കമുള്ള പത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 50 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 36 സീറ്റ് ബിജെപി വിജയിച്ചു.
എൻപിപിക്ക് അഞ്ചും എൻസിപിക്ക് മൂന്നും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന് രണ്ടും സീറ്റ് കിട്ടി. ഒരു കാലത്ത് അരുണാചൽ ഭരിച്ചിരുന്ന കോൺഗ്രസിന് വെറും ഒരു സീറ്റാണു കിട്ടിയത്. 19 മണ്ഡലങ്ങളിലാണു കോൺഗ്രസ് മത്സരിച്ചത്. അരുണാചലിൽ മൂന്നു സ്വതന്ത്രരും വിജയിച്ചു. ബിജെപി മത്സരിപ്പിച്ച നാലു വനിതാ സ്ഥാനാർഥികളും വിജയിച്ചു. 2019ൽ ബിജെപിക്ക് 41ഉം കോൺഗ്രസിന് നാലും സീറ്റാണു കിട്ടിയിരുന്നത്.
സിക്കിമിൽ എസ്കെഎം തേരോട്ടം
58.38 ശതമാനം വോട്ടാണ് എസ്കെഎം നേടിയത്. എസ്ഡിഎഫ് 27.37 ശതമാനം വോട്ട് നേടി. മുൻ സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിംഗ് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും തോറ്റു. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് മത്സരിച്ച രണ്ടിടത്തും വിജയിച്ചു.
2019ൽ എസ്കെഎമ്മിന് 17 സീറ്റാണുണ്ടായിരുന്നത്. 31 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല. 5.18 ശതമാനം വോട്ട് ബിജെപി നേടി. കോൺഗ്രസിന് വെറും 0.32 ശതമാനം വോട്ടാണു കിട്ടിയത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ പരാജയപ്പെട്ടു. ബാർഫംഗ് മണ്ഡലത്തിൽ എസ്ഡിഎഫ് ടിക്കറ്റിലാണ് ബൂട്ടിയ മത്സരിച്ചത്. 2019ൽ അധികാരം നഷ്ടമായെങ്കിലും എസ്ഡിഎഫിന് 15 സീറ്റുകളുണ്ടായിരുന്നു. വൻ വിജയം നേടിയ പ്രേം സിംഗ് തമാംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.