സാബു ജോണ്
തിരുവനന്തപുരം: ഒരു മാസമായി വോട്ടുപെട്ടിയിലിരിക്കുന്ന ജനഹിതമറിയാൻ ഇനി ഒരു ദിവസം മാത്രം. ഫലമറിയാനുള്ള ആകാംക്ഷയോടെ ജനങ്ങൾ കാത്തിരിക്കുമ്പോൾ നെഞ്ചിടിപ്പിലാണു മുന്നണികൾ.
പാർട്ടി സംവിധാനങ്ങളിലൂടെ നടത്തിയ വിലയിരുത്തലുകളിൽ ആരും പിശുക്കു കാട്ടിയില്ല. ഇരുപതിൽ ഇരുപതുമെന്നു യുഡിഎഫ് പറഞ്ഞപ്പോൾ പതിനെട്ടു സീറ്റിലാണ് ഇടതുമുന്നണിയുടെ വിജയപ്രതീക്ഷ. ബിജെപിയാകട്ടെ ഏതാനും സീറ്റുകൾ നേടി കേരളത്തിൽ അക്കൗണ്ട് തുറക്കൽ ആഘോഷമാക്കുമെന്നും പറയുന്നു. എക്സിറ്റ് പോളുകൾ പൊതുവേ യുഡിഎഫിനു മുൻതൂക്കം പറഞ്ഞപ്പോൾ രണ്ട് എക്സിറ്റ് പോളുകൾ എൽഡിഎഫിന് പകുതിയിലേറെ സീറ്റുകൾ നൽകി.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സൂചനയാണു മിക്ക എക്സിറ്റ് പോളുകളും പ്രകടിപ്പിക്കുന്നത്. മുൻകാലങ്ങളിൽ എക്സിറ്റ് പോളുകൾ ഫലിക്കാതെ പോയ ചരിത്രം ചൂണ്ടിക്കാട്ടി അദ്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. കേന്ദ്രത്തിൽ ബിജെപിയുടെ തുടർഭരണം പ്രവചിക്കുന്നതു കൊണ്ടുതന്നെ എക്സിറ്റ് പോളുകളിൽ അമിതമായി ആഹ്ലാദിക്കാൻ യുഡിഎഫിനും കഴിയുന്നില്ല.
തെരഞ്ഞെടുപ്പുരംഗത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചനയാക്കാമെങ്കിൽ യുഡിഎഫിനു മുൻതൂക്കമുണ്ട്. അവർക്ക് അനുകൂലമായി കേരളത്തിൽ ഒരു തരംഗമുണ്ടായോ എന്നു മാത്രമാണ് അറിയാനുള്ളത്. എൽഡിഎഫിനാകട്ടെ കഴിഞ്ഞ തവണത്തെ എട്ടു സീറ്റ് എങ്കിലും നിലനിർത്താനായാൽ ആശ്വാസമെന്നാണ് അവരുടെ ചിന്ത.
മൂന്നു മുന്നണികളെ സംബന്ധിച്ചിടത്തോളം നാളത്തെ തെരഞ്ഞെടുപ്പു ഫലം നിർണായകമാണ്. അവരുടെ ഭാവിപ്രതീക്ഷകൾ വലിയൊരു പരിധി വരെ ഈ തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട യുഡിഎഫിന് ഇത്തവണ മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ മുന്നോട്ടുള്ള യാത്ര ദുഷ്കരമാകും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പദവിയേറ്റെടുത്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു നേരിടുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തെരഞ്ഞെടുപ്പു ഫലം നിർണായകമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവി ആവർത്തിക്കാതിരിക്കേണ്ടത് കേരളത്തിൽ പാർട്ടിയുടെ ഭാവിക്കു തന്നെ സുപ്രധാനമാണ്. ഇടതുമുന്നണിയിൽ ഈ തെരഞ്ഞെടുപ്പ് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഇത്തവണ തെരഞ്ഞെടുപ്പിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു പടനയിച്ചതു പിണറായിയാണ്. വലിയ തോൽവി നേരിട്ടാൽ അതിന്റെ ഉത്തരവാദിത്വം പങ്കുവയ്ക്കാൻ പോലും ആരുമുണ്ടാകില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന സാഹചര്യംകൂടി ഉണ്ടായാൽ പിണറായി അതിന്റെ പാപഭാരവും പേറേണ്ടിവരും. പ്രത്യേകിച്ച് ശബരിമല വിഷയം വഷളാക്കിയത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാടുകൾ മൂലമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ പോലും ഉയരുന്ന സാഹചര്യത്തിൽ.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം രാജ്യത്ത് അവർക്ക് പ്രതീക്ഷയുള്ള ഏക സംസ്ഥാനമാണു കേരളം. ഇവിടെ കനത്ത പരാജയം നേരിട്ടാൽ ദേശീയതലത്തിൽ തന്നെ അവർ തികച്ചും അപ്രസക്തമാകുമെന്ന പ്രതിസന്ധിയുമുണ്ട്.
കേന്ദ്രത്തിൽ ബിജെപിക്കു തുടർഭരണം ലഭിക്കുകയും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാതെവരികയും ചെയ്താൽ അതു സംസ്ഥാന നേതൃത്വത്തിന്റെ മാത്രം പരാജയമാണെന്നു വ്യാഖ്യാനിക്കപ്പെടും.
സംസ്ഥാന നേതൃത്വത്തിൽ പലരുടെയും തല ഉരുളാൻ വരെ അതു കാരണമാകുകയും ചെയ്യും. മാത്രമല്ല പാർട്ടിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഉയർന്ന വോട്ടുവിഹിതം മാത്രം പോരാ. വിജയം തന്നെ വേണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ട് വിഹിതത്തിൽ ഗണ്യമായ ഉയർച്ചയും കുറഞ്ഞത് ഒരു സീറ്റും അവർക്കു കിട്ടിയേ തീരൂ.
ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ പാർട്ടി അഞ്ചു സീറ്റ് വരെ നേടുമെന്നു പറഞ്ഞിട്ടുണ്ട്. അത് അതിരു കവിഞ്ഞ അവകാശവാദമാണെന്നു പാർട്ടിക്കും അറിയാം. എങ്കിലും മൂന്നിടത്ത് പാർട്ടി വിജയസാധ്യത കാണുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും നല്ല പോരാട്ടമാണു നടന്നത്. അതു വിജയമായി മാറിയില്ലെങ്കിൽ ബിജെപിക്കും മുന്നോട്ടുള്ള പോക്ക് അവർ പ്രതീക്ഷിക്കുന്നതുപോലെ എളുപ്പമാകില്ല.
മോദി വിരുദ്ധതയും രാഹുൽ ഇഫക്ടും ശബരിമല വിഷയവും നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പിൽ ഏതൊക്കെ വിഷയങ്ങൾ എത്രമാത്രം ജനങ്ങളെ സ്വാധീനിച്ചു എന്നും ഫലം പുറത്തു വരുമ്പോൾ അറിയാം. ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകളെ എത്രമാത്രം തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ ബിജെപിക്കു സാധിച്ചു എന്നതു കണ്ട റിയേണ്ട തുണ്ട്.
ശബരിമല വിഷയത്തിന്റെ ഗുണഭോക്താക്കൾ യുഡിഎഫ് ആയി മാറിയെങ്കിൽ അത് എൽഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകും. ശബരിമല വിഷയത്തിലൂടെ എൽഡിഎഫ് ലക്ഷ്യം വച്ച എതിർധ്രുവീകരണം തെരഞ്ഞെടുപ്പിൽ ഉണ്ടായോ എന്നും കണ്ടറിയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്കു ചാഞ്ഞ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്കു മടങ്ങിയെത്തി എന്ന യുഡിഎഫ് നേതൃത്വത്തിന്റെ അവകാശവാദവും എത്രത്തോളം ശരിയാണെന്നും തെരഞ്ഞെടുപ്പു ഫലം പറഞ്ഞുതരും.
നാളെ പുറത്തു വരുന്ന തെരഞ്ഞെടുപ്പു ഫലം വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുമെന്ന് ഉറപ്പ്. അത് ആർക്കു ഗുണം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്.