കോട്ടയം: കാത്തിരിപ്പിനൊടുവിൽ ഇനി മൂന്നാം നാൾ തെഞ്ഞെടുപ്പ് ഫലം പുറത്തുവരും. അകാംഷയുടെ മുൾമുനയിലാണ് സ്ഥാനാർഥികളും മുന്നണികളും. ജില്ലയിലെ ഒന്പതു സീറ്റുകളിൽ എട്ടിലും വിജയം കണക്കുകൂട്ടിയിരിക്കുകയാണ് യുഡിഎഫ് ക്യാന്പ്.
പുതുപ്പള്ളിയും കോട്ടയവും ഒഴിവാക്കി ജില്ലയിൽ എഴു സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാന്പ്. അൽഫോൻസ് കണ്ണന്താനം മൽസരിച്ച ബിജെപിയുടെ ജില്ലയിലെ ഏക എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ വിജയം ഉറിപ്പിച്ചിരിക്കുകയാണ് ബിജെപി ക്യാന്പ്.
ജില്ലയിൽ വാശിശേറിയ പോരാട്ടം നടന്ന പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ ഫലം ഏവരും ഉറ്റുനോക്കുന്നതാണ്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വൈക്കം സീറ്റ് എൽഡിഎഫിനെന്നതിൽ മൂന്നു മുന്നണികളിലും തർക്കമില്ല.
പൂഞ്ഞാറിൽ യുഡിഎഫും എൽഡിഎഫും വിജയം അവകാശപ്പെടുന്പോൾ എണ്ണായിരം മുതൽ പന്തീരായിരം വരെ വോട്ടുകളുടെ മുൻതൂക്കമാണ് പി.സി. ജോർജ് ക്യാന്പ് അവകാശപ്പെടുന്നത്. പൂഞ്ഞാറിൽ യുഡിഎഫ് അയ്യായിരവും എൽഡിഎഫ് ഒൻപതിനായിരവും ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ തവണ സിപിഎം ഏറ്റുമാനൂരിൽ മാത്രമാണു വിജയിച്ചത്. ഇത്തവണ കോട്ടയം, പുതുപ്പള്ളി ഒഴികെ ഏഴു സീറ്റുകളിലും സാധ്യയാണ് സിപിഐ സംസ്ഥാന കൗണ്സിലിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.എൽഡിഎഫ് ബൂത്ത് തലം മുതൽ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലെ വോട്ട് നില അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.
യുഡിഎഫ് മണ്ഡലം അവലോകനത്തിനൊപ്പം സ്വകാര്യ ഏജൻസികളുടെ സഹായവും തേടിയാണു വിലിയിരുത്തിയത്.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നുവെന്നും ഈ മണ്ഡലങ്ങളിൽ ആരു വിജയിച്ചാലും പതിനായിരത്തിൽ താഴെയായിരിക്കും ഭൂരിപക്ഷമെന്നാണു മുന്നണികളുടെ നിരീക്ഷണത്തിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ പ്രചാരണസാന്നിധ്യം യുഡിഎഫിന് വലിയ സാധ്യതയും നേട്ടവും അവസാന റൗണ്ടിൽ സമ്മാനിച്ചു. കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ബിജെപി നല്ല മത്സരം കാഴ്ചവച്ചു.
പൂഞ്ഞാർ, കോട്ടയം, വൈക്കം മണ്ഡലങ്ങളിൽ ബിഡിജഐസ് പ്രകടനത്തോടും സ്ഥാനാർഥി നിർണയത്തോടും എൻഡിഎ മുന്നണിയിൽ പൂർണ തൃപ്തിയില്ല. പൂഞ്ഞാറിൽ എൻഡിഎ മുന്നണി സംവിധാനത്തോടെ ഉണർന്നില്ലെന്ന് ബിഡിജഐസിൽ വിമർശനവും ഉയർന്നിട്ടുണ്ട്.