കോട്ടയം: നാളെ നടക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടര് വി. വിഗ്നേശ്വരി വിലയിരുത്തി. നാട്ടകത്തെ കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല് കേന്ദ്രത്തില് ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങള് ഏര്പ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതുനിരീക്ഷകന് മന്വേഷ് സിംഗ് സിദ്ദുവും വോട്ടെണ്ണല് നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നിരീക്ഷകരായ ഹെമിസ് നെഗി, ഐ. അമിത് കുമാര് എന്നിവരും ജില്ലയിലെത്തി.നാളെ രാവിലെ എട്ടിന് വോട്ടെണ്ണല് ആരംഭിക്കും.
രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് വോട്ടെണ്ണല് കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റല് ബാലറ്റുകള് എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ലോക്സഭ മണ്ഡലത്തില് ഉള്പ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണല് ഏഴിടങ്ങളിലായി ഒരേ സമയം നടക്കും.
സുരക്ഷയ്ക്ക് കേന്ദ്രസേനയും പോലീസും
സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കര്ശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണല് കേന്ദ്രത്തില് ഏര്പ്പെടുത്തിയിട്ടുള്ളത്. ഇവിടെ മൊബൈല് ഫോണ് അനുവദിക്കില്ല.വോട്ടെണ്ണലിനായി മൊത്തം 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാന് മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റല് ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാന്സ്മിറ്റഡ് പോസ്റ്റല് ബാലറ്റുകളും (ഇടിപിബിഎസ്) എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചു.
ഒരു റൗണ്ടില് ഒരേ സമയം 14 മേശയില് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂര്-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണല് റൗണ്ടുകളുടെ എണ്ണം. ഓരോ റൗണ്ടും പൂര്ത്തീകരിക്കുമ്പോള് ലീഡ് നില അറിയാം.
കോളജ് മൈതാനത്ത് നിര്മിച്ച 875 ചതുരശ്രമീറ്റര് വിസ്തീര്ണമുള്ള ശീതീകരിച്ച പന്തലിലാണ് വോട്ടെണ്ണൽ. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല് 1,600 ചതുരശ്ര മീറ്റര് വിസ്തീര്ണമുള്ള ശീതീകരിച്ച പന്തലിലാണ്. ഏറ്റുമാനൂര് നിയമസഭാ മണ്ഡലത്തിലേത് കോളജ് ലൈബ്രറി ഹാളിലും കോട്ടയത്തേത് ഓഡിറ്റോറിയത്തിലും കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക.
12,54,823 വോട്ടര്മാരില് 8,37,277 പേര് വോട്ട് ചെയ്തു
തെരഞ്ഞെടുപ്പില് തപാല്ബാലറ്റിലൂടെയടക്കം മൊത്തം 66.72 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. ആകെ 12,54,823 വോട്ടര്മാരില് 8,37,277 പേര് വോട്ട് ചെയ്തു. വോട്ടെടുപ്പ് ദിനത്തില് 65.61 ശതമാനം പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് ദിനത്തില് 12,54,823 വോട്ടര്മാരില് 8,23,237 പേരാണ് വോട്ട് ചെയ്തത്. 14040 തപാല് വോട്ടുകളും രേഖപ്പെടുത്തി. ജൂണ് ഒന്നു വരെ 559 ഇടിപിബിഎസ് വോട്ടുകളും രേഖപ്പെടുത്തി ലഭ്യമായിട്ടുണ്ട്. വോട്ടെണ്ണല് ദിവസം രാവിലെ എട്ടു വരെയുള്ള ഇടിപിബിഎസ് വോട്ടുകള് സ്വീകരിക്കും.
പ്രവേശനത്തിന് കര്ശന നിയന്ത്രണം
വോട്ടെണ്ണല് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കര്ശന നിയന്ത്രണമുണ്ട്.വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്ക്കും കൗണ്ടിംഗ് ഏജന്റുമാര്ക്കും തിരിച്ചറിയല് കാര്ഡുകള് നല്കും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാര്ഥികള്ക്ക് നല്കും. തത്സമയ ഫലം ലഭ്യമാക്കുന്നതിന് ഓരോ വോട്ടെണ്ണല് കേന്ദ്രത്തിലും ടെലഫോണ്, കംപ്യൂട്ടര്, ഫാക്സ്, ഇന്റര്നെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷന് റൂമുകളും ഒരുക്കിയിട്ടുണ്ട്. results. eci.gov.in എന്ന വെബ് സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയാം. വോട്ടെണ്ണല് ദിനമായ നാളെ മദ്യനിരോധനം (ഡ്രൈഡേ) പ്രഖ്യാപിച്ചിട്ടുണ്ട്.