കോഴിക്കോട് : ജനവിധി അറിയാനുള്ള വോട്ടെണ്ണലിനു ഇനി മണിക്കൂറുകൾ മാത്രം. രണ്ട് മന്ത്രിമാർ, സിനിമാതാരം, യുവജനസംഘടനയുടെ അഖിലേന്ത്യാനേതാവ്, വിദ്യാർഥിസംഘടനയുടെ സംസ്ഥാന ഭാരവാഹികളായ രണ്ടുപേർ എന്നിങ്ങനെ താരനിബിഡമായിരുന്നു ജില്ലയിലെ സ്ഥാനാർഥിനിര.
തപാൽവോട്ടുകൾ
25 നാൾ മുമ്പാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിലായി 96 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ 20,06,605 പേർ വോട്ട്ചെയ്തു. 78.42 മാനമായിരുന്നു പോളിങ്. തപാൽ വോട്ടുകൾകൂടി കണക്കിലാക്കുമ്പോൾ ശതമാനത്തിലും പോളിങ്ങിലും ചെറിയ മാറ്റമുണ്ടാകും.
കൊടുവള്ളിയിലെ ‘തിരക്ക്’
13 നിയമസഭാ മണ്ഡലങ്ങളിൽകൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളിയിലായിരുന്നു. 11 പേർ. കോഴിക്കോട് സൗത്തിലും എലത്തൂരിലുമായിരുന്നു കുറവ്. അഞ്ചു പേർ വീതം. മന്ത്രി ടി.പി. രാമകൃഷ്ണനും(പേരാമ്പ്ര), എ.കെ. ശശീന്ദ്രനുമാണ് (എലത്തൂർ) വിധിതേടിയ മന്ത്രിമാർ.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽ മത്സരിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്(കോഴിക്കോട് നോർത്ത്), എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.എം. സച്ചിൻദേവ്(ബാലുശേരി)എന്നിവരാണ് അങ്കത്തിനിറങ്ങിയ വിദ്യാർഥി സമരനായകർ. സച്ചിനെ നേരിട്ട ധർമജൻ ബോൾഗാട്ടിയാണ് പോരിനിറങ്ങിയ സിനിമാതാരം.
എം.കെ. മുനീർ(കൊടുവള്ളി), പി.ടി.എ. റഹീം(കുന്നമംഗലം), ഇ.കെ. വിജയൻ(നാദാപുരം), കാരാട്ട് റസാഖ്(കൊടുവള്ളി), പാറക്കൽ അബ്ദുള്ള(കുറ്റ്യാടി)എന്നിവർ വീണ്ടും മത്സരിച്ചവരാണ്. മൂന്ന് കെപിസിസി ജനറൽ സെക്രട്ടറിമാർ (കെ. പ്രവീൺകുമാർ–- നാദാപുരം, എൻ. സുബ്രഹ്മണ്യൻ–-കൊയിലാണ്ടി, പി.എം. നിയാസ്–-ബേപ്പൂർ) യുഡിഎഫ് സ്ഥാനാർഥികളായി.
മുൻ മേയറും (തോട്ടത്തിൽ രവീന്ദ്രൻ–-കോഴിക്കോട് നോർത്ത്) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (കാനത്തിൽ ജമീല–-കൊയിലാണ്ടി)മുൾപ്പെടെ എൽഡിഎഫ് നിരയിലും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരുന്നു(കോഴിക്കോട് നോർത്ത്) എൻഡിഎയുടെ പ്രമുഖ സ്ഥാനാർഥി.
യെച്ചൂരി, രാഹുൽ, അമിത് ഷാ
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽഗാന്ധി, അമിത്ഷാ എന്നിങ്ങനെ പ്രമുഖർ ജില്ലയിൽ പ്രചാരണത്തിനെത്തുകയുണ്ടായി. ജില്ലയിൽ ഇക്കുറിയും വലിയ മുന്നേറ്റമെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. കഴിഞ്ഞതവണ 13–-ൽ 11 സീറ്റും ഇടതുപക്ഷത്തിനായിരുന്നു.