മുംബൈ: ബിജെപി വിജയത്തിൽ ആവേശം കൊണ്ട ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കി. സെൻസെക്സ് 40,000-വും നിഫ്റ്റി 12,000-വും മറികടന്നു. ചരിത്രത്തിലാദ്യമായി ഈ നാഴികക്കല്ലുകൾ കടന്ന സൂചികകൾക്കു പക്ഷേ ആ ഉയർന്ന നിലയിൽ തുടരാനായില്ല.
ലാഭമെടുക്കലും ചില ആഗോള വിഷയങ്ങളെപ്പറ്റിയുള്ള ആശങ്കയും ഓഹരികളെ കുത്തനെ താഴ്ത്തി. രാവിലെ എത്തിയ 40,125-ൽനിന്ന് 1314 പോയിന്റ് താഴെയാണ് വൈകുന്നേരം സെൻസെക്സ് ക്ലോസ് ചെയ്തത്.
ഒരു ദിവസം ഇത്രയേറെ ചാഞ്ചാട്ടമുണ്ടാകുന്നതു 2008 ജനുവരി 21-നുശേഷം ആദ്യമാണ്. തലേന്നത്തേക്കാൾ 298.82 പോയിന്റ് താഴെ 38,811.39 ലായിരുന്നു ക്ലോസിംഗ്. നിഫ്റ്റി തലേന്നത്തേക്കാൾ 80.85 പോയിന്റ് താണ് 11,657.05 ൽ ക്ലോസ് ചെയ്തു.
രൂപയുടെ വിനിമയ നിരക്ക് താണതും ഏഷ്യൻ ഓഹരി വിപണികളെല്ലാം നഷ്ടത്തിൽ ക്ലോസ് ചെയ്തതും സൂചികകൾ താഴോട്ടു പോകാൻ നിമിത്തമായി. ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാനുള്ള തിരക്കും ദൃശ്യമായിരുന്നു. ഇന്നലെ എൻഎസ്ഇയിൽ 920 ഓഹരികൾക്കു വില താണപ്പോൾ 810 എണ്ണത്തിനേ വില ഉയർന്നുള്ളൂ.
ഇന്നലത്തെ താഴ്ച പ്രശ്നമല്ലെന്നും സുസ്ഥിര ഭരണം ഉറപ്പായത് വിപണിക്കു വളരെ സഹായകമാണെന്നും നിക്ഷേപ വിദഗ്ധർ അഭിപ്രായപ്പെട്ടു. വർധിച്ച ഭൂരിപക്ഷം കാരണം കൂടുതൽ ശക്തമായും വേഗത്തിലും സാന്പത്തിക പരിഷ്കാര നടപടികൾക്കു സർക്കാർ തയാറാകുമെന്നാണു പ്രതീക്ഷ.
പൊതുമേഖലാ ബാങ്കുകളുടെ സംയോജനം, റീട്ടെയിലിൽ വിദേശമൂലധനത്തിനു കൂടുതൽ ഉദാരമായ പ്രവേശനം, തൊഴിൽ നിയമങ്ങളിൽ ഉദാരവത്കരണം തുടങ്ങിയവ അടുത്ത സർക്കാരിൽനിന്ന് ആറു മാസത്തിനുള്ളിൽ പ്രതീക്ഷിക്കുന്ന നടപടികളാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനും വേഗം കൂട്ടും. സ്വകാര്യ മൂലധന നിക്ഷേപം വർധിപ്പിക്കാനുള്ള പ്രോത്സാഹന പദ്ധതികളും നികുതിയിളവും അടുത്ത മാസവസാനമോ ജൂലൈയിലോ അവതരിപ്പിക്കുന്ന പൂർണ ബജറ്റിൽ പ്രതീക്ഷിക്കുന്നുമുണ്ട്.