കോട്ടയം: പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതോടെ റിബലുകളെ മെരുക്കാൻ നീക്കവുമായി മുന്നണികളും പാർട്ടികളും.
ജില്ലാ പഞ്ചായത്തിൽ എരുമേലി ഡിവിഷനിൽ കോണ്ഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർഥിക്കെതിരെ മൂന്നു പേരാണ് പത്രിക നൽകിയിരിക്കുന്നത്. ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കനാണ് റിബലായ പത്രിക നൽകിയിരിക്കുന്നവിൽ പ്രമുഖൻ.
യൂത്ത് കോണ്ഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബിനു മറ്റക്കര, യൂത്ത് കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു, യൂത്ത് കോണ്ഗ്രസ് നേതാവ് ഷെഹിൻഷാ എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്.
ഇവരുടെ പത്രിക പിൻവലിപ്പിക്കാൻ ഡിസിസി നേതൃത്വം ചർച്ച നടത്തുകയാണ്. റോയി കപ്പലുമാക്കലാണ് ഇവിടെ ഒൗദ്യോഗിക സ്ഥാനാർഥി. ഐ വിഭാഗം നേതാവായ പ്രകാശ് പുളിക്കനെ ഇവിടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം എ ഗ്രൂപ്പ് സീറ്റ് ഏറ്റെടുക്കുകയും പി.എ.ഷെമീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഷെമീറിനെ ഒഴിവാക്കി റോയി കപ്പലുമാക്കലിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
ഷെമീറിന്റെയും റോയിയുടെയും സ്ഥാനാർഥിത്വത്തെ ചൊല്ലി പ്രാദേശി കോണ്ഗ്രസ് നേതൃത്വത്തിൽ അതൃപ്തി വർധിച്ചിരിക്കുകയാണ്.
ഇനി പിൻവലിക്കുമോ?
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി രാജേഷ് വാളിപ്ലാക്കനെതിരെ സിറ്റിംഗ് മെംബർ പെണ്ണമ്മ ജോസഫ് പത്രിക നൽകിയിട്ടുണ്ട്.
പത്രിക പിൻവലിക്കാനായി ജോസ് വിഭാഗം നേതാക്കൾ പെണ്ണമ്മ ജോസഫുമായി ചർച്ച നടത്തുകയാണ്. പെണ്ണമ്മ ജോസഫ് ളാലം ബ്ലോക്ക് പൂവരണി ഡിവിഷനിലും പത്രിക നൽകിയിട്ടുണ്ട്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷനിൽ ജനതാദൾ സ്ഥാനാർഥിക്കെതിരെ സിപിഎം സ്ഥാനാർഥി പത്രിക നൽകിയതും എൽഡിഎഫിന് തലവേദനയായിട്ടുണ്ട്.
പാലാ മണ്ഡലത്തിലെ കരൂർ പഞ്ചായത്തിൽ ഏഴു സീറ്റിൽ സിപിഐ സ്ഥാനാർഥികൾ പത്രിക നൽകിയതു പിൻവലിപ്പിക്കാനായി എൽഡിഎഫ് നേതൃത്വം പാലായിൽ തിരിക്കിട്ട ചർച്ചയിലാണ്.