തൃശൂർ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ നൽകിയ നോട്ടീസിനു തൃശൂർ ലോക്സഭാമണ്ഡലം എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി നൽകിയ വിശദീകരണത്തിൽ തുടർതീരുമാനം ഇന്നറിയാം. ഇന്നലെയാണ് അഭിഭാഷകൻ മുഖേന സുരേഷ്ഗോപി താത്കാലിക വിശദീകരണം ജില്ലാ കളക്ടർക്കു നൽകിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ശബരിമലയെന്നതു സ്ഥലത്തിന്റെ പേരാണെന്നും സുരേഷ്ഗോപി ജില്ലാ വരണാധികാരിക്കു നൽകിയ താത്കാലിക വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. അയ്യപ്പൻ, ശബരിമല ക്ഷേത്രം എന്നീ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. ഇന്നലെ രാത്രി എട്ടിനു മുൻപ് വിശദീകരണം നൽകാനായിരുന്നു കളക്ടറുടെ നിർദ്ദേശം.
താത്കാലികമായ മറുപടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും വിശദമായ മറുപടിക്കു കൂടുതൽ സമയം അനുവദിക്കണമെന്നും ഇതിനായി പ്രസംഗത്തിന്റെ സിഡിയുടെ കോപ്പി വേണമെന്നും സുരേഷ്ഗോപി ആവശ്യമുന്നയിച്ചു.സുരേഷ്ഗോപി സമർപ്പിച്ച വിശദീകരണം പരിശോധിച്ച് തുടർനടപടികൾക്കായി ജില്ലാ കളക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണയ്ക്കു കൈമാറി. അദ്ദേഹമാണ് തുടർനടപടികൾ തീരുമാനിക്കുക.