കോട്ടയം: ജില്ലയിൽ പകൽച്ചൂട് അതിതീവ്രനിലയിലേക്ക് 38 ഡിഗ്രിവരെയെത്തി താപനില. വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയരംഗവും.
കനത്ത ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥി ചർച്ചയും തെരഞ്ഞെടുപ്പ് യോഗങ്ങളും തകൃതിയായി നടത്തുകയാണ് മുന്നണികളും പാർട്ടികളും. പ്രഖ്യാപനം വന്നാൽ പൊള്ളുന്ന ചൂടിലേക്ക് ഇറങ്ങണമല്ലോ എന്ന ആശങ്കയുണ്ട് സ്ഥാനാർഥികൾക്ക്.
കോവിഡ് പ്രോട്ടോക്കോളിനൊപ്പം ഇത്തവണ ചൂടിനെയും അതിജീവിക്കാനുള്ള തയാറെടുപ്പിലാണ് നേതാക്കൾ.
കനത്ത ചൂടിന് ഒരാശ്വസവും ഇല്ലാതായതോടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമയവും നേതാക്കൾ മാറ്റി. രാവിലെ നേരത്തെ ഇറങ്ങുന്ന നേതാക്കൾ 11നു വീടുകളിലോ ഓഫീസിലോ അഭയം പ്രാപിക്കും.
പിന്നെ വെയിൽ ഒന്നു മാറി കഴിഞ്ഞേ ഇറങ്ങൂ. കുടുംബസദസുകളും പാർട്ടി യോഗങ്ങളും വൈകുന്നേരങ്ങളിലാണ്.
ചിലതാകട്ടെ രാത്രി വൈകിവരെ നീട്ടും. രാത്രിയിലെ ഉഷ്ണവും വല്ലാതെ അലട്ടുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനായും നേതാക്കൾ മുൻകരുതലുകൾ എടുക്കുന്നുണ്ട്.
കുപ്പിവെള്ളം മിക്കവരുടെയും കൈയിലുണ്ട്. കടുംചായയും ഇളനീരും നാരങ്ങാവെള്ളവും കുടിച്ചാണ് ആശ്വാസം നേടുന്നത്. വെജിറ്റേറിയൻ ഭക്ഷണമാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്.
മിക്ക നേതാക്കളും വീടുകളിൽനിന്നാണ് ഭക്ഷണം. വേനൽ ചൂടിൽ ആളുകൾക്ക് ആശ്വാസം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് തണ്ണിമത്തനാണ്. വേനൽച്ചൂട് ഏറിയതോടെ തണ്ണിമത്തനു ഡിമാൻഡ് കൂടി.
നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കുന്നതിനൊപ്പം പഴങ്ങളും കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം.
തണ്ണിമത്തനു ആവശ്യക്കാരേറെയാണ്. പ്രധാന റോഡുകളിൽ തണ്ണീർമത്തൻ വിൽപ്പന പൊടിപൊടിക്കുകയാണ്.
പോഷകഘടകങ്ങൾ ഏറെയുള്ള തണ്ണിമത്തൻ ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും അത്യുത്തമമാണ്.
ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാൽ പാതയോരങ്ങളിലെ കടകളിലുൾപ്പെടെ വിൽപ്പനയുമേറി. ദാഹമകറ്റാൻ കൃത്രിമ പാനീയങ്ങൾ ഏറെയുണ്ടെങ്കിലും ഇളനീരിനും തണ്ണിമത്തനുമാണ് ആവശ്യക്കാരേറെ.
തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമാണു കൂടുതലായും തണ്ണിമത്തൻ എത്തിക്കുന്നത്. സമാം, കിരണ്‍, നാംധാരി, വിശാൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തൻ വിപണിയിലുണ്ട്.
നാടൻ തണ്ണിമത്തനു കിലോയ്ക്ക് 20 രൂപയാണു വില. കിരണ്‍, സമാം എന്നിവയ്ക്ക് 30 രൂപയാണ് വില. ചൂടിനെ പ്രതിരോധിക്കാനായി നിരവധി രാഷ്ട്രീയക്കാർ ധാരാളമായി വാങ്ങിപോകാറുണ്ടെന്ന് എംസി റോഡിൽ ചവിട്ടുവരിയിൽ തണ്ണിമത്തൻ കച്ചവടം നടത്തുന്ന പ്രദീപ് പറഞ്ഞു.