ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപിയുടെ “തീപ്പൊരി’ നേതാവ് സാക്ഷി മഹാരാജ്. തന്റെ മണ്ഡലത്തിൽ വേറെ ആരെയെങ്കിലും മത്സരിപ്പിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് ഉന്നാവോ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ സാക്ഷി മഹാരാജിന്റെ ഭീഷണി.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്കു സാക്ഷി മഹാരാജ് അയച്ച കത്ത് പുറത്തായി. ഉന്നാവോയിൽ സീറ്റ് ഉറപ്പിച്ചതായാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. എന്നാൽ തന്നെ ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചാൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെ വികാരം വൃണപ്പെടും. തെരഞ്ഞെടുപ്പ് ഫലം ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് സാക്ഷി മഹാരാജ് കത്തയച്ചത്.
അതേസമയം സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബിജെപി ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല. മുസ്ലിം വിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട് സാക്ഷി. നാല് തവണ ലോക്സഭ എംപിയും ഒരു തവണ രാജ്യസഭ എംപിയുമായിരുന്നു ഇദ്ദേഹം.