അമ്പലപ്പുഴ: ത്രിതല പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തെ തുടർന്നുള്ള തർക്കം കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള സംഘർഷത്തിൽ അവസാനിച്ചു.
പുറക്കാട് ഇന്ദിര ഭവനിൽ ശനിയാഴ്ച വൈകുന്നേരമാണ് പുറക്കാട് തോട്ടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സംയുക്ത യോഗത്തിലാണ് നേതാക്കളെ കൈയ്യാങ്കളിയിലെത്തിച്ചത്.
ഡിസിസി നേതാക്കൾക്കെതിരെ അഴിമതി ആരോപണവുമായി ഐഎൻടിയുസി നേതാവ് തുറന്നടിച്ചു. ഇതിനെ എതിർത്തുകൊണ്ട് യുവജന നേതാവ് രംഗത്തെത്തിയതാണ് രംഗം വഷളാകാൻ കാരണം.
കഴിഞ്ഞ മൂന്ന് തവണയായി പ്രസിഡൻറ് മോഹവും നെഞ്ചിലേറ്റി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ മാറി മാറി മത്സരിച്ച എ ഗ്രൂപ്പ് നേതാവിനെതിരെയാണ് ഐഎൻടിയുസി നേതാവ് അഴിമതി ആരോപണവുമായി രംഗത്ത് വന്നത്.
പലതെരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും നേതാവിന് പ്രസിഡൻറ് മോഹം ബാക്കി വെക്കേണ്ടിവന്നു. ഇത്തവണയെങ്കിലും പ്രസിഡൻറ് കസേര ഉറപ്പിക്കണെമെന്ന മോഹത്തോടെ ഭാര്യയുടെ കുടുംബവീട് നിൽക്കുന്ന വാർഡാണ് ആവശ്യപ്പെട്ടത്.
എന്നാൽ പലതവണ മത്സരിച്ച് വിജയിച്ച നേതാവ് ഇത്തവണ മത്സരരംഗത്ത് നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന ആവശ്യമാണ് ഐഎൻടിയുസി നേതാവ് ആവശ്യപ്പെട്ടത്.
തുടർന്ന് നേതാവിനെതിരെയുള്ള അഴിമതി ആരോപണങ്ങളും യോഗത്തിൽ നിരത്തി. ഇതിനെ എതിർത്തുകൊണ്ട് യുവജന നേതാവ് രംഗത്തെത്തിയതോടെയാണ് യോഗം കയ്യാങ്കളിയിലെത്തിച്ചത്.
എ ഗ്രൂപ്പ് നേതാവ് മത്സരിച്ചാൽ റിബൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാവും. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ നിലനിന്നിരുന്ന ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
മണ്ഡലത്തിലെ അമ്പലപ്പുഴ പുറക്കാട് മേഖലകളിലാണ് ഗ്രൂപ്പ് ശക്തമായിട്ടുള്ളത്. എ, ഐ ഗ്രൂപ്പുകളിൽ ഒതുങ്ങിയിരുന്നത് ചെന്നിത്തല വിഭാഗവും ശക്തമായതോടെ പോര് മുറുകി തുടങ്ങി.
എന്നാൽ അടുത്തിടെ വേണുഗോപാൽ ഗ്രൂപ്പും ഉയർന്നു വന്നതോടെ യുഡിഎഫ്സ്ഥാനാർത്ഥി നിർണയത്തിൽ വെല്ലുവിളി നേരിടേണ്ടിവരും.
യുഡിഎഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പ് പോരിൻെറ പേരിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സ്ഥാനാർഥി പ്രസിഡൻറായി ഭരണം പൂർത്തിയാക്കിയ ചരിത്രം അമ്പലപ്പുഴക്കുണ്ട്. ചരിത്രം തിരുത്തിക്കുറിക്കാനാണ് പുറക്കാട് കോൺഗ്രസ് നേതാക്കളുടെ ശ്രമം.