മങ്കൊന്പ്: കാവാലത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇത്തവണ ഒരു നാടൻ പാട്ടിന്റെ ഈണമുണ്ട്. എല്ലാവരും തെരഞ്ഞെടുപ്പിനു ചൂടുള്ള പ്രചാരണത്തിനിറങ്ങുന്പോൾ പാട്ടും പാടി ജയിക്കാനാണ് ഇവിടെ ഒരു സ്ഥാനാർഥിയുടെ പരിശ്രമം.
നാടൻപാട്ടു കലാകാരനും കാവാലം ഗ്രാമപഞ്ചായത്തു 11-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ശ്യാംകുമാറാണ് നാട്ടങ്കത്തിനു കലാപരിവേഷം നൽകുന്നത്. ഇരുചക്ര വാഹനത്തിൽ മത്സ്യവില്പന നടത്തുന്ന ശ്യാമിനെ കാവാലത്തും പരിസരത്തുമുള്ള ജനങ്ങൾക്കു നന്നായറിയാം.
നാടൻപാട്ടു കലാകാരൻ എന്ന നിലയിൽ ശ്യാമിനെ കുട്ടനാട്ടിനു വെളിയിലുള്ളവർക്കു പോലും സുപരിചിതനാക്കുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ വേദികളിൽ ശ്യാം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. യുട്യൂബ് ചാനലുകളിലും ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നാടൻ പാട്ടുകൾക്കു പുറമേ വാദ്യമേളങ്ങളും ശ്യാമിനു വഴങ്ങും. കാവാലത്ത് ബോട്ടുയാത്രയ്ക്കായി എത്തുന്ന മലയാളി വിനോദ സഞ്ചാരികൾക്കും ഇയാൾ സുപരിചിതനാണ്. ഉല്ലാസയാത്രയ്ക്കു കൊഴുപ്പുകൂട്ടാൻ ഇയാളെയും ഇവർ കൂടെക്കൂട്ടും.
നാടൻ പാട്ടിനു പുറമെ കൊയ്ത്തു പാട്ട്, ഞാറ്റുപാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയവയുടെയും സൂക്ഷിപ്പുകാരനാണ് ഇയാൾ. ഇവയെല്ലാം പൂർവികരിൽ നിന്നും ശ്യാംകുമാറിനു വാമൊഴിയായി പകർന്നു കിട്ടിയവയാണ്. മണ്മറഞ്ഞ ചലച്ചിത്ര നടനും, നാടൻ പാട്ടുകാരനുമായ കലാഭവൻ മണിയുമായി ഇദ്ദേഹത്തിന് അടുത്തു പരിചയമുണ്ടായിരുന്നു.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ കാവാലത്ത് മണി പലവട്ടം ഷൂട്ടിംഗിനായി എത്തിയിട്ടുണ്ട്. തനിക്കറിയാവുന്ന നാടൻ പാട്ടുകൾ ശ്യം പാടി കാസറ്റിലാക്കി മണിക്കു നൽകിയിരുന്നു. ഇവ പിന്നീട് മണിയിലൂടെ മലയാളികളുടെ ചുണ്ടുകളിലുമെത്തിയിരുന്നു.
ശ്യാമിന്റെ പിതാവ് ശങ്കരൻ കാവാലത്തെ അടിയുറച്ച കോണ്ഗ്രസ് പ്രവർത്തകനായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പുറത്തിറങ്ങാൻ ഭയന്നിരുന്ന അക്കാലത്ത് വോട്ടു പിടിക്കാനും പോസ്റ്ററൊട്ടിക്കാനും വിരലിലെണ്ണാവുന്നവരുടെ കൂട്ടത്തിൽ ശങ്കരൻ മുൻപന്തിയിലായിരുന്നു.
പക്ഷേ താൻ സ്ഥാനാർഥിയായപ്പോൾ തനിക്കുവേണ്ടി പ്രവർത്തിക്കാൻ പിതാവ് ഇല്ലല്ലോ എന്ന സങ്കടം ശ്യാമിനുണ്ട്. പട്ടികജാതി സംവരണ സീറ്റിൽ കോണ്ഗ്രസ് സ്ഥാനാർഥിയായിട്ടാണ് ഇദ്ദേഹം മത്സരത്തിനിറങ്ങുന്നത്. പാട്ടുപാടി കൈയിലെടുത്തിട്ടുള്ള നാട്ടുകാർ തന്നെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ഈ തനി നാടൻ പാട്ടുകാരൻ.