എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാ വുമായ വി.എം സുധീരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഎം സുധീരൻ മത്സരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്.
ചാലക്കുടിയിൽ നിന്ന് വിഎം സുധീരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് വി.എം സുധീരൻ രാഷ്ട്രദീപികയോട് പറഞ്ഞു. “”2009-ൽ ഹൈക്കമാൻഡ് മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴേ നിലപാട് വ്യക്തമാക്കിയതാണ്. 25 വർഷം എംപിയായും എം.എൽ.എയായും പാർലമെന്റ്റി രംഗത്തുണ്ടായിരുന്നു. ഇനി മത്സരിക്കാനില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്.
പുതിയ ആൾക്കാർ മത്സര രംഗത്തേക്ക് വരട്ടെ. ജനസമ്മതിയുള്ള പുതിയ ചെറുപ്പക്കാരെയാണ് പാർട്ടിക്കും ജനങ്ങൾക്കും ആവശ്യം. പുതിയ ആൾക്കാർ വന്നാൽ മാത്രമെ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടൂ”- വി.എം സുധീരൻ പറഞ്ഞു. ഹൈക്കമാൻഡ് നിർബന്ധിച്ചാലും തന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വി.എം സുധീരൻ പറഞ്ഞു.
ചാലക്കുടി മണ്ഡലത്തിൽ വി.എം സുധീരനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് ഗൗരവമായി ആലോചിക്കുന്നതിനിടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.