ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സീറ്റില്ലെന്ന് സൂചന. ശ്രീധരൻപിള്ള മാറി നിൽക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്കാണ് ശ്രീധരൻപിള്ളയുടെ പേര് പരിഗണിച്ചിരുന്നത്.
ഇതോടെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയായേക്കും. ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെയാണ് ശ്രീധരൻപിള്ള വെട്ടിലായത്.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നും സൂചനകളുണ്ട്. ടോം വടക്കനെ കൊല്ലത്തും ബിജെപി പരിഗണിക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ചേക്കും. ശോഭ സുരേന്ദ്രൻ മത്സരരംഗത്തുനിന്ന് മാറിനിൽക്കരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.