പത്തനംതിട്ട: പഠനത്തിരക്കിനിടയിൽ ലഭിച്ച സ്ഥാനാർഥിത്വം ആഘോഷമാക്കുകയാണ് മത്സരഗോദയിലെ ബേബിമാർ. നാമനിർദേശ പത്രിക നൽകാൻ 21 വയസു തികയാൻ കാത്തിരുന്നവർ മുതൽ ഇക്കൂട്ടത്തിലുണ്ട്.
ജില്ലാ പഞ്ചായത്തിലേക്കടക്കം മത്സരിക്കുന്നവരിൽ പലരും ബിരുദാന്ത ബിരുദ, പ്രഫഷണൽ കോഴ്സ് വിദ്യാർഥികളാണ്. മൂന്നു മുന്നണികളിലും വിദ്യാർഥി സ്ഥാനാർഥികളുണ്ട്.
പഠനത്തിനൊപ്പം രാഷ്്ട്രീയം
സ്ഥാനാർഥിത്വം ലഭിച്ചപ്പോൾ ഇവരുടെ തുടർ വിദ്യാഭ്യാസത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. പിന്നീട് അവരെ പറഞ്ഞ് മനസിലാക്കുകയായിരുന്നു.
എന്നാൽ വിദ്യാർഥികളാണ് ഭൂരിഭാഗമെങ്കിലും വിദ്യാഭ്യാസം കളഞ്ഞുള്ള രാഷ്ട്രീയത്തോടു സ്ഥാനാർഥികൾക്കു യോജിപ്പില്ല. വിദ്യാഭ്യാസം രാഷ്ട്രീയത്തിൽ എന്നല്ല എവിടെ ആണെങ്കിലും അത്യാവശ്യമാണെന്ന് തന്നെയാണ് ഇവരുടെ അഭിപ്രായം.
അത് കൊണ്ട് വിദ്യാഭ്യാസത്തോടൊപ്പമുള്ള രാഷ്ട്രീയത്തോടാണ് താത്പര്യം. വിദ്യാഭ്യാസം മാറ്റി വച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് വരണമെങ്കിൽ കുറച്ചൊക്കെ പഠിക്കണം. നിലവിൽ ലഭിച്ച അവസരം ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാർഥികൾ.
എൽഎൽബി , എംബിഎ
നല്ല ജനപ്രതിനിധിയാകണമെങ്കിൽ നല്ല വിദ്യാഭ്യാസ യോഗ്യതയും ലോകപരിചയവുമൊക്കെ അനിവാര്യ ഘടകമാണെന്നും വിദ്യാർഥി സ്ഥാനാർഥികളുടെ അഭിപ്രായം.
ജില്ലാ പഞ്ചായത്ത് കൊടുമൺ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അശ്വതി സുധാകർ അഭിഭാഷകയെങ്കിലും ഇക്കൊല്ലം കോഴിക്കോട് ലോ കോളജിൽ എൽഎൽഎം ചേർന്നിട്ടുണ്ട്. റാങ്കോടെയാണ് എൽഎൽബി പാസായത്.
ജില്ലാ പഞ്ചായത്ത് പള്ളിക്കൽ മണ്ഡലത്തിലെ ശ്രീനാദേവി കുഞ്ഞമ്മ സിവിൽ സർവീസ് പഠനത്തിന്റെകൂടി തിരക്കിലാണ്. പഠനത്തെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീനാദേവി രാഷ്ട്രീയ പ്രവർത്തനവും ഇതിനൊപ്പം തുടരാമെന്ന അഭിപ്രായക്കാരിയാണ്.
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മെഴുവേലി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി നേജുമോൻ ബിബിഎ കഴിഞ്ഞ് എംബിഎ പഠനത്തിനുള്ള തയാറെടുപ്പിലാണ്.
ബിടെക്കുകാരനും തദ്ദേശപ്പോരിന്!
ഇലന്തൂർ ഗ്രാമപഞ്ചായത്ത് ഒന്പതാംവാർഡ് എൽഡിഎഫ് സ്ഥാനാർഥി വിമൽ വിജയൻ പിജി പ്രൈവറ്റായി ചെയ്തു വരികയാണ്. രാഷ്ട്രീയത്തോടൊപ്പം വിദ്യാഭ്യാസവും ചെയ്യണമെന്ന പക്ഷക്കാരനാണ്.
ചെന്നീർക്കരയിലെ പത്താം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ബോബിൻസ് എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിഎ ഇക്കണോമിക്സ് പഠനം കഴിഞ്ഞിറങ്ങിയിട്ടേയുള്ളൂ.
തുടർ വിദ്യാഭ്യാസവും നടത്തണമെന്നാഗ്രഹമുണ്ട്. തിരുവല്ല നഗരസഭ 19 ാം വാർഡിലെ എൻഡിഎ സ്ഥാനാർഥി അക്ഷയ് ബിടെക് പഠനം കഴിഞ്ഞിറങ്ങിയപ്പോഴാണ് സ്ഥാനാർഥിത്വം തേടിയെത്തിയത്. തുടർന്ന് പിജി ചെയ്യണമെന്നാണാഗ്രഹം.