കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരനും ബിജെപി സ്ഥാനാർഥി സി.കെ.പദ്മനാഭനും തങ്ങൾക്കു തന്നെ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടെങ്കിലും എൽഡിഎഫ് സ്ഥാനാർഥിക്ക് പി.കെ. ശ്രീമതിക്ക് ഇതിനുള്ള അവസരമില്ല. കെ. സുധാകരൻ കണ്ണൂർ എംടിഎൻ സ്കൂളിൽ വോട്ടുചെയ്യുന്പോൾ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ ചെറുതാഴം ഗവ.എഎൽപി സ്കൂളിലാണു പി.കെ.ശ്രീമതിയുടെ വോട്ട്. ബിജെപി സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ അഴീക്കോട് അക്ലിയത്ത് എൽപി സ്കൂളിൽ വോട്ടു ചെയ്യും.
വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനും തനിക്കു തന്നെ വോട്ടു ചെയ്യാം. പാട്യം കോങ്ങാറ്റ എൽപി സ്കൂളിലാണ് ജയരാജന് വോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്കൂളിലും മന്ത്രിമാരായ ഇ.പി.ജയരാജൻ അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിലും കെ.കെ.ശൈലജ പഴശി വെസ്റ്റ് യുപി സ്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ.എൽപി സ്കൂളിലും എ.കെ.ശശീന്ദ്രൻ ചൊവ്വ ധർമസമാജം യുപിയിലും വോട്ട് രേഖപ്പെടുത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോടിയേരി ഓണിയൻ യുപി സ്കൂളിലും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ മൊറാഴ സെൻട്രൽ എൽപി സ്കൂളിലും ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പെരളശേരി എ.കെ.ജി ഹയർസെക്കൻഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തും.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വോട്ടു രേഖപ്പെടുത്തും. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തലശേരി തിരുവങ്ങാട് എൽപി സ്കൂളിലും സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് കൊളവല്ലൂർ ഗവ.എൽപി സ്കൂളിലും ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത് പള്ളിയാംമൂല എൽപി സ്കൂളിലും വോട്ട് ചെയ്യും.
തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി എന്നിവർക്ക് തലശേരി കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ട്. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലും കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ തളാപ്പ് ചെങ്ങിനിപ്പടി സ്കൂളിലും വോട്ടുരേഖപ്പെടുത്തും.