ചേർത്തല: എൽഡിഎഫ് സർക്കാർ സംസ്ഥാനത്താകെ സൃഷ്ടിച്ച വികസന മുന്നേറ്റമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രധാനമായും പരിഗണിക്കുകയെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
എൽഡിഎഫ് ചേർത്തല നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രക്കാട് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ഥ മേഖലയിലും ഇതേവരെയില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാനത്താകെ പിണറായി സർക്കാർ സൃഷ്ടിച്ചത്.
ജനങ്ങളെയാകെ ഒന്നായി കണ്ടാണ് പദ്ധതികൾ നടപ്പാക്കിയത്. ക്ഷേമപദ്ധതികളിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായത്. ഇങ്ങനെ സംസ്ഥാനത്ത് പുതുചരിത്രം സൃഷ്ടിച്ച സർക്കാരിനെ ആക്ഷേപിക്കാനുള്ള പ്രചാരണങ്ങൾ വിലപ്പോകില്ല.
ജില്ലയിൽ എൽഡിഎഫ് വിജയചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പ്രകടനപത്രിക യു.മോഹനന് നൽകി മന്ത്രി പ്രകാശനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ടി ജിസ്മോൻ അധ്യക്ഷനായി.