കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ. സുധാകരൻ മത്സരിക്കാൻ വിസമ്മതിച്ചാൽ കെ.സുരേന്ദ്രനോ, സതീശൻ പാച്ചേനിയോ മത്സരിച്ചേക്കും. ഇന്നലെ എറണാകുളത്ത് ചേർന്ന കോൺഗ്രസിന്റെ സംസ്ഥാന നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെയും ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രന്റയും പേരുകൾ സുധാകരനു പിന്നാലെ കണ്ണൂരിലെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കെ. സുധാകരൻ മത്സരിക്കണമെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യപ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തി സുധാകരൻ വിമുഖത അറിയിച്ചിട്ടുണ്ട്. സുധാകരന്റെ മറുപടി വൈകുന്നത് ജില്ലയിലെ കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
കെ.സുധാകരൻ മത്സരിച്ചില്ലെങ്കിൽ കെ.സുരേന്ദ്രൻ, സതീശൻ പാച്ചേനി എന്നിവരുടെ കാര്യത്തിലും തീരുമാനം എടുക്കേണ്ടതും സുധാകരൻ തന്നെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി തുടങ്ങിയവർ ഇന്ന് യോഗം ചേരുന്നുണ്ട്.