കണ്ണൂർ: ഇത്തവണ കണ്ണൂർ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് നിയുക്ത കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ. ഔദ്യോഗികപ്രഖ്യാപനമുണ്ടായില്ലെങ്കിലും കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹത്തിന് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ.
തന്റെ സ്ഥാനാർഥിത്വം പാർട്ടി നേതൃത്വം അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കേരളത്തിലും കാര്യങ്ങൾ വിഭിന്നമല്ല. രണ്ട് ഫാസിസ്റ്റ് ശക്തികൾക്കെതിരേയാണ് ഈ തെരഞ്ഞെടുപ്പ്.
അക്രമരാഷ്ട്രീയവും വാഗ്ദാനലംഘനങ്ങളുമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. കണ്ണൂരിലും കാസർഗോട്ടും മലപ്പുറത്തും അക്രമികളാൽ ചിതറിത്തെറിച്ച രക്തസാക്ഷികളുടെ വികാരങ്ങൾ നെഞ്ചിലേറ്റിക്കൊണ്ടാണ് കേരളത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കണ്ണൂർ തിരിച്ചുപിടിക്കാനാണ് ഒരിക്കൽക്കൂടി ജനവിധി തേടുന്നത്. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനം തനിക്ക് ആവേശം നൽകുന്നതായും സുധാകരൻ പറഞ്ഞു. ഇന്നു രാവിലെ 10.40 ന് നിസാമുദ്ദീൻ എക്സ്പ്രസിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കെ. സുധാകരന് ആവേശോജ്വല സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്.
“”ജീവൻ വേണേൽ ജീവനിതാ, രക്തം വേണേൽ രക്തമിതാ…” എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്. യുഡിഎഫിലെ വിവിധ കക്ഷികൾ തങ്ങളുടെ പതാകയുമേന്തിയാണ് നേതാവിനെ സ്വീകരിക്കാനെത്തിയത്.