കൊല്ലം : യുഡിഎഫ് സ്ഥാനാർഥി പ്രേമചന്ദ്രനെതിരെ വ്യക്തിഹത്യ നടത്തുന്ന സിപിഎം സമീപനം മൂലം ഓരോ ദിവസവും പ്രേമചന്ദ്രന്റെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.
മനയിൽകുളങ്ങര പൊരുതനയിൽ ചേർന്ന യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ നേതാക്കന്മാരുടെ ജൽപ്പനങ്ങൾക്ക് കൊല്ലം ജനത ശക്തമായ മറുപടി നല്കുമെന്ന് സുധീരൻ പറഞ്ഞു. അഞ്ചു വർഷക്കാലം ജനങ്ങളെ വഞ്ചിച്ച മോദി സർക്കാരിനും മൂന്നു വർഷക്കാലം കേരളത്തെ പിന്നോട്ടടിച്ച പിണറായി സർക്കാരിനുമുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കും കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ഫലമെന്ന് അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികൾക്ക് ആകെ മാതൃകയായ പ്രവർത്തനമാണ് പ്രേമചന്ദ്രന്റേത്. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ആർ.രമണൻ അധ്യക്ഷത വഹിച്ചു. ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, എ.കെ.ഹഫീസ്, സൂരജ് രവി, പി.ആർ.പ്രതാപചന്ദ്രൻ, അഡ്വ.ആർ.സുനിൽ, പി.ജർമിയാസ്, പി.പ്രകാശ് ബാബു, ശിവപ്രസാദ്, ബാബുകുട്ടൻ, ഡി.ഗീതാകൃഷ്ണൻ, ഡോ.ഉദയ സുകുമാരൻ, ഗീതാ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.