സ്വന്തം ലേഖകൻ
തൃശൂർ: റഫാൽ അഴിമതി ഇടപാടിനെക്കുറിച്ച് മോദിക്കെതിരെ ഒരക്ഷരം പോലും വിമർശനം ഉന്നയിക്കാത്ത ഏക നേതാവ് പിണറായി വിജയനാണെന്ന് വി.എം.സുധീരൻ. ലാവ്ലിൻ കേസിൽസിബിഐ അന്വേഷണത്തിൽ നിന്നും രക്ഷിച്ചതിന്റെ ഉപകാരസ്മരണകൊണ്ടാണിതെന്നും സുധീരൻ പറഞ്ഞു.
തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ ലോകസഭാ മണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഫാത്തിമ നഗർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.കോണ്‍ഗ്രസിനെതിരെ സിപിഎം ഉന്നയിക്കുന്ന കോ.ലീ.ബി ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ബിജെപി വോട്ടുകൊണ്ട് കൂത്തുപറന്പിൽ നിന്ന് എംഎൽഎ ആയത് പിണറായി വിജയനാണെന്നും അന്ന് കെ.ജി.മാരാരാണ് പിണറായിക്ക് വേണ്ടി പരസ്യമായി വോട്ടുചോദിച്ചതെന്നും സുധീരൻ പറഞ്ഞു.
ജനസംഘത്തിന്റെ പിന്തുണയോടെ എം.എൽ.എയായ പിണറായിക്ക് കോ.ലീ.ബി സഖ്യം ആരോപിക്കാൻ ഒരവകാശവുമില്ല. ഇ.എം.എസ്സും എൽ.കെ.അദ്വാനിയും ഒന്നിച്ചാണ് അക്കാലത്ത് പാലക്കാട് വേദി പങ്കിട്ടത്. സി.പി.എം പിന്തുണയോടെയാണ് ജനസംഘം അധികാരത്തിലേറിയത്. ചരിത്രം മറച്ചുവെച്ചാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡണ്ട് ഐ.പി.പോൾ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ, അഡ്വ.തേറന്പിൽ രാമകൃഷ്ണൻ, അഡ്വ.തോമസ് ഉണ്ണിയാടൻ, പി.ആർ.എൻ നന്പീശൻ, കെ.പി.വിശ്വനഥൻ, വി.ബാലറാം തുടങ്ങിയവർ പങ്കെടുത്തു.