നിയാസ് മുസ്തഫ
ഒടുവിൽ സുമലത ജെഡിഎസ് പാളയത്തിലേക്ക്. കർണാടക രാഷ്ട്രീയത്തിൽ കുറച്ചു ദിവസങ്ങളായി ഉടലെടുത്ത ‘സുമലത പ്രശ്നം’ ജെഡിഎസ് രമ്യമായി പരിഹരിക്കുകയായിരുന്നു. സുമലതയ്ക്ക് മത്സരിക്കാൻ മൈസൂരു-കുടക് സീറ്റ് നൽകിയാണ് ജെഡിഎസ് പ്രശ്നം പരിഹരിച്ചത്. പ്രമുഖ കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് നടി കൂടിയായ സുമലത.
മൂന്നു പ്രാവശ്യമായി മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. 2018 നവംബർ 24ന് ബംഗളൂരുവിൽവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അംബരീഷ് മരണപ്പെട്ടു. ഇതോടെയാണ് ഭർത്താവിന്റെ പാത പിന്തുടർന്ന് ജനസേവനത്തിനിറങ്ങാൻ സുമലത തീരുമാനിച്ചത്. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അതു മാണ്ഡ്യ മണ്ഡലത്തിൽനിന്നാകുമെന്ന് സുമലത വ്യക്തമാക്കി. സുമലത കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകണമെന്ന് കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കാര്യത്തോട് അടുത്തപ്പോൾ കൈവശമിരുന്ന മാണ്ഡ്യ സീറ്റ് കോൺഗ്രസ് ജെഡിഎസിനു വിട്ടുനൽകി. ഇതോടെ സുമലത ഇടഞ്ഞു. മാണ്ഡ്യയിൽ താൻ സ്വതന്ത്ര സ്ഥാനാർഥി ആയിട്ടാണെങ്കിലും മത്സരിക്കുമെന്നും അംബരീഷിനോട് നാട്ടുകാർക്കുള്ള സ്നേഹവും സഹതാപതരംഗവും തന്നെ വിജയിപ്പിക്കുമെന്നും സുമലത വ്യക്തമാക്കി. ഇതേസമയം, സുമലതയെ ചാക്കിട്ടുപിടിക്കാൻ ബിജെപിക്കാരും പിന്നാലെ കൂടി.
ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ മകനായ രേവണ്ണയുടെ പ്രസ്താവനയും സുമലതയെ ചൊടിപ്പിരുന്നു. ഭർത്താവ് മരിച്ച് ആറുമാസം പോലും തികയുന്നതിനു മുന്പ് മത്സരിക്കേണ്ട ആവശ്യം സുമലതയ്ക്കുണ്ടോയെന്നായിരുന്നു രേവണ്ണയുടെ ചോദ്യം. കർണാടകയിലെ പൊതുമരാമത്ത് മന്ത്രി കൂടിയാണ് രേവണ്ണ. രേവണ്ണയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്.
വനിതാ ദിനത്തിൽ ഇങ്ങനെയൊരു പരാമർശം കേൾക്കേണ്ടി വന്നത് വേദനിപ്പിച്ചെന്നും ഉത്തരവാദിത്തങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും സുമലത പ്രതികരിച്ചു. സംഭവം വിവാദമായതോടെ ദുരുദ്ദേശ്യപരമായിരുന്നില്ല തന്റെ പ്രസ്താവനയെന്ന് വിശദീകരണവുമായി രേവണ്ണ രംഗത്തെത്തി. സുമലത മത്സരിക്കുന്നതിൽ തനിക്ക് വിയോജിപ്പില്ലെന്നും രേവണ്ണ പറഞ്ഞു. രേവണ്ണ പക്ഷേ മാപ്പ് പറയാൻ തയാറായില്ല.
മാണ്ഡ്യയിൽ സുമലത സ്വതന്ത്ര സ്ഥാനാർഥി ആയോ ബിജെപി പിന്തുണയോടെയോ മത്സരിച്ചാൽ തങ്ങൾക്ക് അതത്ര പന്തിയല്ലെന്ന് മാണ്ഡ്യ സീറ്റ് ലഭിച്ച ജെഡിഎസ് ചിന്തിച്ചു. എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയാണ് മാണ്ഡ്യയിൽനിന്ന് ജെഡിഎസിനു വേണ്ടി മത്സരിക്കുന്നത്. നിഖിൽ ഗൗഡ മത്സരിച്ച് തോൽക്കാൻ പാടില്ലെന്ന് മനസിലാക്കിയതോടെ ജെഡിഎസ് പ്രശ്ന പരി ഹാരം തേടി. നിഖിൽ തന്നെ പരിഹാരത്തിനായി മുൻകൈ എടുത്തു.
മാണ്ഡ്യയിൽനിന്ന് പിടിവിട്ടാൽ പകരം ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം സുമലതയ്ക്ക് തരാമെന്ന് നിഖിൽ അറിയിച്ചു. ഇതോടെ സുമലതയും തണുത്തു.ലോക്സഭാ തെരഞ്ഞെടുപ്പിൽ മൈസൂരു-കുടക് മണ്ഡലത്തിൽ ജെഡി എസ് സ്ഥാനാർഥി ആയി മത്സരിക്കാനാണ് സുമലതയ്ക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്. നിഖിൽ കുമാരസ്വാമിയും സുമലതയും തമ്മിൽ ബംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുമലതയ്ക്ക് ജെഡിഎസ് സീറ്റ് വാഗ്ദാനം ചെയ്തത്.
അതേസമയം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് സുമലതയെ മത്സരിപ്പിക്കുന്നതിൽ എതിർപ്പുണ്ട്. എന്നാൽ ജെഡിഎസ് ഇതത്ര കാര്യമാക്കുന്നില്ല. സുമലതയുടെ താരപരിവേഷവും അംബരീഷിനുണ്ടായിരുന്ന ജനസമ്മതിയും സഹതാപതരംഗവും സുമലതയെ വിജയിപ്പിക്കുമെന്നാണ് ജെഡിഎസ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബിജെപിയുടെ പ്രതാപ് സിംഹയാണ് മൈസൂരു-കുടക് മണ്ഡലത്തിലെ എംപി. കർണാടകയിൽ ആകെയുള്ള 28 സീറ്റിൽ കോൺഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ടു സീറ്റിലുമാണ് മത്സരിക്കുന്നത്.
തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി 220ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് സുമലത. 1987ൽ പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുന്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ക്ലാര എന്ന കഥാപാത്രം ഇന്നും സുമലതയെക്കുറിച്ചോർക്കുന്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന കഥാപാത്രം. 1980ൽ പുറത്തിറങ്ങിയ മൂർഖൻ ആണ് ആദ്യ മലയാളചിത്രം.
നിഴൽ യുദ്ധം, കിലുങ്ങാത്ത ചങ്ങലകൾ, എല്ലാം നിനക്കുവേണ്ടി, സാഹസം, കടത്ത്, രക്തം, കോളിളക്കം, മുന്നേറ്റം, ഇതിഹാസം, തേനും വയന്പും, ആദർശം, അരഞ്ഞാണം, ഇരട്ടി മധുരം, ധീര, ആരംഭം, കഴുമരം, തടാകം, ജോണ് ജാഫർ ജനാർദ്ദനൻ, കിലുകിലുക്കം, കൊടുങ്കാറ്റ്, ചക്രവാളം ചുവന്നപ്പോൾ, ഹിമം, അലകടലിനക്കരെ, ഇടവേളയ്ക്കുശേഷം, നിറക്കൂട്ട്, ശ്യാമ, തൂവാനത്തുന്പികൾ, ന്യൂഡൽഹി, ഇസബെല്ല, ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്, ദിനരാത്രങ്ങൾ, ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്, നായർ സാബ്, താഴ് വാരം, നം.20 മദ്രാസ് മെയിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരന്പര, പുറപ്പാട്, കാണ്ഡഹാർ എന്നിവയാണ് സുമലത അഭിനയിച്ച മലയാള ചിത്രങ്ങൾ. 2011ൽ പുറത്തിറങ്ങിയ നായിക എന്ന ചിത്രമാണ് മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം.
1991ലാണ് കന്നഡ നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിനെ വിവാഹം ചെയ്തത്.