ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ബോളിവുഡ് നടൻ സണ്ണി ഡിയോളിനെ പഞ്ചാബിലെ ഗുർദാസ്പൂരിൽ ബിജെപി സ്ഥാനാർഥിയാക്കിയതിനെതിരേ മുൻ എംപി വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്. താൻ ചതിക്കപ്പെട്ടുവെന്ന് കവിത പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എല്ലാ സാധ്യതകളും ഇപ്പോഴും തുറന്നിരിക്കുകയാണെന്നും മണ്ഡലത്തിൽ സ്വതന്ത്ര്യ സ്ഥാനാർഥിയാകുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും നാലു തവണ ഗുർദാസ്പൂരിലെ പാർലമെന്റിൽ പ്രതിനിധീകരിച്ച വിനോദ് ഖന്നയുടെ ഭാര്യ പറഞ്ഞു.
രണ്ടു വർഷം മുന്‍പ് വിനോദ് ഖന്ന അന്തരിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അന്നു കവിത സ്ഥാനാർഥിയാകുമെന്നു കരുതപ്പെട്ടെങ്കിലും വ്യവസായിയായ സ്വരണ്‍ സലാരിയയെയാണ് ബിജെപി മണ്ഡലം നിലനിർത്താൻ നിയോഗിച്ചത്. എന്നാൽ കോണ്‍ഗ്രസിന്റെ സുനിൽ ജാക്കറിനോട് സലാരിയ ദയനീയ തോൽവി ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസമാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തിന്റെ അച്ഛൻ ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽനിന്നു ലോക്സഭാംഗമായിട്ടുണ്ട്. ധർമേന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ഹേമമാലിനി യുപിയിലെ മഥുരയിലെ ബിജെപി സ്ഥാനാർഥിയാണ്. 2014ലും ഹേമമാലിനി മഥുരയിൽനിന്നു വിജയിച്ചിരുന്നു.