സ്വന്തം ലേഖകൻ
തൃശൂർ: ഈ തൃശൂരിനെ ഞങ്ങൾക്ക് വേണം…ഈ തൃശൂരിനെ ഞങ്ങൾക്ക് തരണം..ഓർമയുണ്ടോ ഇതുപോലെയുള്ള ഒരു ഡയലോഗ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നുമുയർന്ന ഏതാണ്ടിതുപോലെയുള്ള ഒരു സുരേഷ്ഗോപി ഡയലോഗ് കേരളമാകെ വൈറലായത് നിമിഷനേരം കൊണ്ടാണ്.
തൃശൂരിൽ ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ സുരേഷ്ഗോപി എത്തുകയാണ്.ലോക്സഭ തെരഞ്ഞെടുപ്പിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ തൃശൂരിൽ ബി.ജെ.പിക്ക് സാധിച്ചിരുന്നു.
തൃശൂർ നിയമസഭ മണ്ഡലത്തിൽ ഇടതുപക്ഷത്ത മൂന്നാമതാക്കി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. തന്നെ സ്നേഹിക്കുന്ന തൃശൂർക്കാർക്കു മുന്നിലേക്ക് വീണ്ടും വോട്ടഭ്യർത്ഥിച്ച് സുരേഷ്ഗോപി എത്തുകയാണ്.
ഡിസംബർ അഞ്ച്, ആറ് തിയതികളിലായിരിക്കും സുരേഷ്ഗോപി തൃശൂരിൽ ബിജെപിയുടെ പ്രചരണത്തിനെത്തുകയെന്നാണ് ഇപ്പോഴത്തെ വിവരം.
സുരേഷ്ഗോപിയെത്തുന്നുവെന്നറിഞ്ഞതോടെ തൃശൂരിലെ ബി.ജെ.പി ക്യാന്പിൽ ആവേശം ഇരട്ടിയായിട്ടുണ്ട്. എല്ലാ സ്ഥാനാർത്ഥികളും സുരേഷ്ഗോപി എംപിയെ തങ്ങളുടെ പ്രചരണത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയുമായി ജില്ല കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.
പരമാവധി ജില്ലയിലെല്ലായിടത്തും എത്തുന്ന രീതിയിലാണ് ഷെഡ്യൂൾ തയ്യാറാക്കുന്നതെന്ന് ജില്ലകമ്മിറ്റി അറിയിച്ചു.