ആലുവ: മാസ്കിനും ടീ ഷർട്ടിനും പുറമെ വോട്ടർമാരെ ആകർഷിക്കാൻ ചിഹ്നം പതിച്ച മധുരവുമായി മിഠായി കമ്പനികൾ രംഗത്ത്.
കടകളിൽ ലഭിക്കുന്ന മിഠായികൾ വർണക്കടലാസിൽ പൊതിഞ്ഞ് അതിൽ ഇഷ്ടക്കാരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ആലേഖനം ചെയ്താണ് ഇലക്ഷൻ പ്രചരണത്തിന് വിവിധ കമ്പനികളിറക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതോടെ ഉള്ളം കുളിർപ്പിക്കാൻ മിഠായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും.
കോവിഡ് കാലമായതിനാൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിവ് പ്രചാരണ കോലാഹലങ്ങൾ ഇക്കുറിയുണ്ടാവില്ല.
പകരം പുതുമയുള്ള പ്രചാരണായുധങ്ങൾ പുറത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഈ മിഠായി പരീക്ഷണം.
വിവിധ നിറത്തിൽ നാരങ്ങാ മിഠായി, തേൻമിഠായി, പുളിമിഠായി, ഇഞ്ചി മിഠായി, വെട്ടുമിഠായി, സേമിയ മിഠായി, കമ്പു മിഠായി തുടങ്ങി നിരവധി ഐറ്റങ്ങൾ തെരഞ്ഞെടുപ്പു ചിഹ്നങ്ങളിൽ പൊതിഞ്ഞ് കമ്പനികൾ കാത്തിരിക്കുകയാണ്.
. കൊച്ചു കുട്ടികൾക്ക് മിഠായികൾ നൽകി വലിയവരുടെ വോട്ട് തട്ടിയെടുക്കാനും ഇത് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിലാണ് നേതാക്കളും അണികളും.