കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ തന്നെ കളത്തിലിറക്കണമെന്ന ഉറച്ചനിലപാടുമായി ഉമ്മന്‍ചാണ്ടി. ഇന്ന് ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കും. മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടി.സിദ്ദിഖിനെ ആലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബുവിനെയടക്കമുളള നേതാക്കളെ വെട്ടി ടി.സിദ്ദിഖിന് കുന്നമംഗലം സീറ്റ് നല്‍കിയതിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ടി.എ.റഹീമിനോട് സിദ്ദിഖ് തോറ്റു. ഈ ഒരു സാഹചര്യത്തില്‍ കുടിയാണ് പ്രിയ ശിഷ്യനെ വയനാട്ടില്‍ തന്നെ മത്സരിപ്പിച്ച് “ഈസി വാക്കോവര്‍’നല്കാന് മുന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയില്‍ തന്നെ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ ഇവിടേക്ക് കെട്ടിയിറക്കേണ്ടെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. സ്വന്തം സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണിത്. മറ്റൊരു സാധ്യതയായ വടകരയില്‍ മല്‍സരിക്കാനില്ലെന്ന് സിദ്ദിഖ് തീര്‍ത്തു പറഞ്ഞുകഴിഞ്ഞു. അവസാനനിമിഷവും വയനാടിനുവേണ്ടിയുള്ള കടും പിടിത്തത്തിലാണ് ഡിസിസി പ്രസിഡന്റ്. ഇതിന് എ ഗൂപ്പിന്റെ പൂര്‍ണ പിന്തുണയും ഉണ്ട്.
വെള്ളിയാഴ്ച 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും വയനാട് അടക്കം നാലിടത്തേത് ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു നേതൃത്വം പറഞ്ഞിരുന്നത്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് മണ്ഡലത്തിനായി ശക്തമായി പോരടിച്ചതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നേതൃത്വത്തിന് കീറാമുട്ടിയായത്.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന വയനാട്ടില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥി മോഹികളുടെ കുത്തൊഴുക്കാണ്. ഐ ഗ്രൂപ്പുകാരനായിരുന്ന എം.ഐ .ഷാനവാസ് മത്സരിച്ച മണ്ഡലം തങ്ങള്‍ക്ക് വേണമെന്നാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ആവശ്യം.