കിഴക്കമ്പലം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഴക്കമ്പലം പഞ്ചായത്തു ഭരിക്കുന്ന ട്വന്റി -20യുടെ ഹൈപവർ കമ്മിറ്റിയിൽ തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായിനിന്നാണ് ട്വന്റി -20 സ്ഥാനാർഥികൾ മത്സരിച്ചതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിലായിരിക്കും മത്സരം.
ട്വന്റി -20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സ്ഥാനാർഥിയായി രംഗത്തു വരണമെന്ന് ഹൈപവർ കമ്മിറ്റിയിൽ ഐകകണ്ഠേ്യന ആവശ്യമുയർന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നു സാബു പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി ഇടതു-വലതു പാർട്ടികളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയക്കാർക്കെതിരേ പ്രതികരിക്കാനുമാണു മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ മുപ്പതിനായിരത്തോളം വോട്ടർമാരിൽ ബഹുഭൂരിഭാഗവും തങ്ങളുടെ അനുഭാവികളാണെന്നു ട്വന്റി -20 നേതൃത്വം അവകാശപ്പെടുന്നു.