ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും.
രാവിലെ ഒന്പതുവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്: ആസാം-9.5%, ജമ്മു കാഷ്മീർ- 0.99, കർണാടക 0.9, മഹാരാഷ്ട്ര- 0.5, മണിപ്പൂർ- 1.78, ഒഡീഷ- 2.15, തമിഴ്നാട്- 13.48, ഉത്തർപ്രദേശ്- 3.99, പശ്ചിമബംഗാൾ- 0.55, ഛത്തീസ്ഗഡ്- 7.75, പുതുച്ചേരി- 1.62.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിംഗ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. തമിഴ്നാട്ടിൽ 38 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കണക്കിൽപ്പെടാത്ത പണം പിടികൂടിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി. ക്രമസമാധാന പ്രശ്നങ്ങളുള്ള ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു മാറ്റി.