ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവിധ ഇടങ്ങളിൽ യുഡിഎഫിലും എൽഡിഎഫിലും തമ്മിലടിയും തർക്കവും രൂക്ഷം. നീണ്ടൂർ ഡിവിഷനിൽ എൽഡിഎഫ് പാനലിൽ പത്രിക സമർപ്പിച്ചിരിക്കുന്നത് രണ്ടു സ്ഥാനാർത്ഥികൾ.
ഒരേ സീറ്റിലേക്ക് നോമിനേഷൻ നൽകിയതോടെയാണ് തർക്കം രൂക്ഷമാകുന്നത്. സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥി തോമസ്കുട്ടി ജോയും കേരള കോണ്ഗ്രസ് എം ജോസ് വിഭാഗം നേതാവും മുൻ നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായ തോമസ് കോട്ടൂരും നോമിനേഷൻ നൽകിയതോടെയാണ് തർക്കം രൂക്ഷമായത്.
പ്രാദേശിക വിഷയങ്ങൾ താഴേത്തട്ടിൽ വച്ചുതന്നെ പരിഹരിക്കണമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.അതിരന്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലും ഒരേ മുന്നണിയിൽ തന്നെ രണ്ട് പേരാണ് നോമിനേഷൻ നൽകിയിരിക്കുന്നത്.
മൂന്നാം വാർഡിൽ മത്സരിക്കുന്നത് മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലാണ്. ഇതേ വാർഡിലേക്ക് കേരള കോണ്ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് ജെയ്സൻ ഒഴുകയിൽ കൂടി നോമിനേഷൻ നൽകിയതോടെയാണ് യുഡിഎഫിലും തർക്കം ആരംഭിച്ചത്.
രണ്ടാം വാർഡ് സ്ത്രി സംവരണ വാർഡ് ആയതോടെയാണ് ജെയ്സണ് ഒഴുകയിൽ മൂന്നാം വാർഡിലേക്ക് മത്സരിക്കാൻ നോമിനേഷൻ നൽകിയത്. ഏറ്റുമാനൂർ നഗരസഭയിൽ ഒരു വാർഡിലേക്ക് കോണ്ഗ്രസ് സ്ഥാനാർഥികളായി മൂന്നുപേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
ഒന്നാം വാർഡിൽ മുൻ മെന്പർ വിശ്വനാഥനും യൂത്ത് കോണ്ഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയും സി.എസ് തോമസുമാണ് രംഗത്തുള്ളത്.
യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെന്പറുമായിരുന്ന രഞ്ജിത്ത് ജോർജ് യുവാക്കൾക്കു സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് അതിരന്പുഴ യൂണിവേഴ്സിറ്റി ഡിവിഷണിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കാൻ പത്രിക നൽകിക്കഴിഞ്ഞു.