കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സീറ്റ് വിഭജനത്തില്‍ തമ്മിലടിയുമായി കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ രംഗത്ത്.
കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി, പുഞ്ചപ്പാടം സീറ്റുകളെ തുടര്‍ന്നാണ് ഗ്രൂപ്പ് പോര് രൂക്ഷമായത്. രണ്ട് ദിവസങ്ങളിലായി നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോര്‍പറേഷനിലെ 28 സ്ഥാനാര്‍ഥികളെ ഇന്നലെ രാത്രി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച 45 പേരുടെ പട്ടികയായിരുന്നു തയാറാക്കിയത്. അതേസമയം മൂഴിക്കല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല.
വലിയങ്ങാടി വാര്‍ഡില്‍ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്
പ്രതി അലന് ഷുഹൈബിന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കാനായിരുന്നു നേരത്തെ തീരുമാനം. ആര്‍എംപിഐ സ്ഥാനാര്‍ഥിയായാണ് ഷുഹൈബ് ഇവിടെ മത്സരിക്കുന്നത്.
എന്നാല്‍ ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ സമിതി ചര്‍ച്ചയില്‍ വലിയങ്ങാടി വാര്‍ഡില്‍ എന്‍.ലബീബ്, എസ്.കെ.അബൂബക്കര്‍ എന്നീ പേരുകളായിരുന്നു ഉയര്‍ന്നുവന്നത്.
സ്റ്റാറ്റസ് കോ പ്രകാരം യൂത്ത്കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും വലിയങ്ങാടി വാര്‍ഡിലെ താമസക്കാരനുമായ എന്‍.ലബീബ് ആണ് സ്ഥാനാര്‍ഥിയായി വരേണ്ടത്.
ഇത്പോലെ പുഞ്ചപ്പാടം ഡിവിഷനില്‍ എം.എം. അനില്‍കുമാര്‍, രാജീവന് തിരുച്ചിറ എന്നീ പേരുകളും എ, ഐ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചിരുന്നു. ഇവിടെ സ്ഥാനാര്‍ഥിയായി വരേണ്ടത് ഈ വാര്‍ഡിന്റെ ഭൂരിഭാഗം പ്രദേശവും ഉള്‍ക്കൊള്ളുന്ന നടുവട്ടം മണ്ഡലത്തിലെ പ്രസിഡന്റ് എ.എം. അനില്‍കുമാര്‍ ആണ്.
ഈ വിഷയത്തില്‍ സമവായത്തില്‍ എത്തിച്ചേരാന്‍ ഇരു ഗ്രൂപ്പുകള്‍ക്കും സാധിച്ചില്ല. രണ്ട് വാര്‍ഡുകളിലേയും സ്ഥാനാര്‍ഥി നിര്‍ണയം കെപിസിസി അപ്പീല്‍ കമ്മിറ്റിക്ക് അയയ്ക്കുവാന് തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ അപ്പീല്‍ കമ്മിറ്റിക്ക് വിടാതെ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കോര്പറേഷന് സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി അംഗം നേരിട്ട് കെപിസിസിക്ക് പരാതി നല്‍കിയത്. ലബീബിനും അബൂബക്കറിനും വേണ്ടി ഐഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.