തിരുവല്ല: അപ്പര്കുട്ടനാട് മേഖല കൂടി ഉള്പ്പെടുന്ന തിരുവല്ല മണ്ഡലത്തിലെ പോരാട്ടത്തിന് നെല്ലിന്റെ ഗന്ധം. പാടത്തെ പാട്ടും കര്ഷകന്റെ വിയര്പ്പും കൂടിച്ചേരുന്നതാണ് തിരുവല്ലയിലെ പ്രചാരണം.
മൂന്ന് മുന്നണി സ്ഥാനാര്ഥികളും തങ്ങളുടെ പ്രചാരണത്തില് കര്ഷക മനസ് സ്വീകരിച്ചു കഴിഞ്ഞു. ഭരണത്തിലുള്ളവര് കര്ഷകര്ക്കു വേണ്ടി ചെയ്ത കാര്യങ്ങള് വിവരിക്കുമ്പോള് കര്ഷക വഞ്ചനയുടെ ചരിത്രവുമായാണ് പ്രതിപക്ഷം നേരിടുന്നത്.
അപ്പര്കുട്ടനാട് വിട്ട് മണ്ഡലത്തിന്റെ കിഴക്കന് മേഖലയിലെത്തിയാല് അവിടെയും കര്ഷക ചരിത്രമുണ്ട്. രാഷ്്്ട്രീയത്തോടൊപ്പം കര്ഷക മനസ് തിരിച്ചറിഞ്ഞെങ്കിലേ തിരുവല്ലയുടെ രണ്ട് മേഖലകളും കൈപ്പിടിയിലൊതുങ്ങൂവെന്ന് സ്ഥാനാര്ഥികള്ക്കറിയാം.
ഓരോദിവസം കഴിയുന്തോറും തിരുവല്ലയുടെ രാഷ്ട്രീയച്ചൂട് കൂടുകയാണ്. തുടര്ച്ചയായ നാലാം അങ്കത്തിലാണ് എല്ഡിഎഫ് സ്ഥാനാര്ഥി മാത്യു ടി.തോമസ്. മുമ്പ് രണ്ടുതവണ മത്സരിച്ചതുകൂടി കണക്കാക്കുമ്പോള് ആറാം അങ്കം. കന്നിക്കാരനാണ് യുഡിഎഫ് സ്ഥാനാര്ഥി കുഞ്ഞുകോശി പോള്.
തിരുവല്ലയില് പുതുമുഖമാണെങ്കിലും ബിജെപി ജില്ലാ പ്രസിഡനന്റ് അശോകന് കുളനട മുമ്പ് നിയമസഭയിലേക്ക് ആറന്മുളയില് മത്സരിച്ചിട്ടുണ്ട്.യുഡിഎഫില് മുന്കാലങ്ങളിലുടലെടുത്ത അസ്വസ്ഥതകള് ഇത്തവണ കാര്യമായി ഉണ്ടായില്ല. എങ്ങനെയും മണ്ഡലം തിരികെ പിടിക്കണമെന്നതാണ് അവരുടെ ആവശ്യം.
മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി തന്നെയാണ് പ്രചാരണം. സ്ഥാനാര്ഥി കുഞ്ഞുകോശി പോള് കുറഞ്ഞദിനങ്ങള് കൊണ്ട് നേടിയെടുത്ത സ്വീകാര്യത യുഡിഎഫിന് അനുകൂലഘടകമായി മാറിക്കഴിഞ്ഞു.സിറ്റിംഗ് എംഎല്എ കൂടിയായ മാത്യു ടി.തോമസിന്റെ വ്യക്തിത്വ മികവിലാണ് എല്ഡിഎഫിന്റെ പ്രചാരണം.
ലോക്സഭ തെരഞ്ഞെടുപ്പുകളില് യുഡിഎഫ് മുന്നില് നില്ക്കുന്ന മണ്ഡലത്തില് മാത്യു ടി.തോമസ് വ്യക്തിപരമായി നേടുന്ന വോട്ടുകളാണ് വിജയത്തിലേക്കെത്തിക്കുന്നത്. ഇത്തവണയും അതുണ്ടാകുമെന്ന് എല്ഡിഎഫ് കരുതുന്നു.
വര്ധിച്ചുവരുന്ന വോട്ടുകണക്കുകളിലാണ് തിരുവല്ലയിലെ എന്ഡിഎ സ്ഥാനാര്ഥി അശോകന് കുളനടയുടെ പ്രതീക്ഷ. വോട്ടുശതമാനത്തിലുണ്ടായിട്ടുള്ള വര്ധന വിജയത്തിലേക്ക് അടുപ്പിക്കുമെന്ന് അദ്ദേഹം കരുതുന്നു.