കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം പോലും ഉപതെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാത്ത ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷം. ഇപ്പോഴത്തെ പരാജയത്തിനുകാരണം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടുതല്‍ കിട്ടിയതും കോന്നിയില്‍ സുരേന്ദ്രന് കഴിഞ്ഞ നിയമസഭയേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടിയതും ചൂണ്ടിക്കാണിച്ച് ഇതിനെ പ്രതിരോധിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
പരാജയ കാരണങ്ങള്‍ക്കു പിന്നില്‍ സംഘടനാ സെക്രട്ടറിമാരുടെ പിടിപ്പുകേടാണെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പ്രദേശിക തലങ്ങളില്‍ മുതല്‍ സംഘടനാ ഭാരവഹിത്വത്തിലും മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി . കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. അനവസരങ്ങളിലുള്ള സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനങ്ങളും പരാജയത്തിന്റെ വേഗത കൂട്ടിയെന്നതും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലഹത്തിനിടവരുത്തുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുണ്ടാവുമെന്ന രീതിയില്‍ പ്രദേശിക സംഘടനാ സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. രണ്ടാം സ്ഥാനത്തുണ്ടായ കോന്നിയില്‍ പോലും കൃത്യമായ പ്രവര്‍ത്തനം നടത്താന്‍ നേരത്തെ തന്നെ അവിടുത്തെ പ്രാദേശിക നേതൃത്വം തയാറായില്ല. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് ശേഷമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു തുടങ്ങിയത്.
അതേസമയം ലോക്സഭാ തെരഞ്ഞടുപ്പിനുപിന്നാലെ തന്നെ ഉപതെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധിച്ചത് വന്‍ നേട്ടമാണെന്നും ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാനഘടകം പൂര്‍ണമായും പരാജയപ്പെട്ടെന്നുമാണ് അണികള്‍ക്കിടയിലെ പൊതു അഭിപ്രായം. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വവും ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാന ഘടകത്തിന് പ്രതിരോധിക്കാനാവും.
വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കി എസ്.സുരേഷിനെ മത്സരിപ്പിച്ചത് കേന്ദ്രനേതൃത്വമാണ്. ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടിനേക്കാള്‍ വളരെ കുറവാണ് ഇത്തവണ ലഭിച്ചത്. അതേസമയം കോന്നിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായിട്ടുണ്ടെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.
ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സുരേന്ദ്രന് ലഭിച്ച വോട്ടില്‍ കുറവുണ്ടായെങ്കിലും കഴിഞ്ഞ തവണത്തെ നിയമസഭാ വോട്ടുകളാണ് സംസ്ഥാന നേതൃത്വം പ്രതിരോധത്തിനായി ഉയര്‍ത്തികാണിക്കുന്നത്. മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചുവെന്നതും സംസ്ഥാന നേതൃത്വം നേട്ടമായാണ് കാണുന്നത്.