കോട്ടയം: യുഡിഎഫ് കോട്ടയായ കോട്ടയത്ത് വിജയം സുനിശ്ചിതമെന്ന് യുഡിഎഫ് സ്ഥനാർഥി തോമസ് ചാഴികാടൻ. ഏഴു നിയോജകമണ്ഡലങ്ങളിൽ അഞ്ചിടങ്ങളിലും യുഡിഎഫ് ആണ് വിജയിച്ചിട്ടുള്ളത്. ആ വിജയം ഇത്തവണയും ആവർത്തിക്കും. യുഡിഎഫ്് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജനാധിപത്യപരമായിരുന്നു സ്ഥാനാർഥി നിർണയം.
98 അംഗങ്ങളുള്ള സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാർനാർഥിയെ നിർണയിക്കാനുള്ള ചുമതല പാർട്ടി ചെയർമാനെ ഏൽപിക്കുകയായിരുന്നു. ലോക്സഭ മണ്ഡലം പരിധിയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വികാരമറിഞ്ഞശേഷമാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ എൽഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി ഭരണവും ജനദ്രോഹപരമാണ്.
ഇതിനു മാറ്റം വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. മഹാപ്രളയം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും കർഷക ആത്മഹത്യകളും സംസ്ഥാനം നേരിടുന്ന അരാജകത്വവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. തൊഴിലില്ലായ്മ, നോട്ട് നിരോധനം, അഴിമതി എന്നിവയിൽ കേന്ദ്ര സർക്കാരും അരാജകത്വം സൃഷ്്ടിച്ചിരിക്കുന്നു അതിനാൽ കേരളത്തിൽ യുഡിഎഫും കേന്ദ്രത്തിൽ കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും അധികാരത്തിൽ എത്തേണ്ടത് ആവശ്യമാണ്.
ഈ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്താണു സ്ഥാനാർഥിയായി പ്രചാരണ രംഗത്ത് ഇറങ്ങുന്നതെന്നു തോമസ് ചാഴികാടൻ പറഞ്ഞു.