കൊച്ചി: വയസ് 108 ആയെങ്കിലും വോട്ടെന്നു കേട്ടാല്‍ ആവേശമാണ് ഇപ്പോഴും ആസിയ ഉമ്മയ്ക്ക്. പതിനാലാം വയസില്‍ വിവാഹിതയായ അവര്‍ പ്രായപൂര്‍ത്തിയായതു മുതല്‍ ഇന്നേവരെ ഒരു തെരഞ്ഞെടുപ്പിലും വോട്ട് മുടക്കിയിട്ടില്ല.
മക്കളായ യൂസഫിനും സലീമിനുമൊപ്പമെത്തി ഇന്നലെ ഉപതെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. തൃക്കാക്കര മണ്ഡലത്തിലെ 100 കഴിഞ്ഞ 22 വോട്ടര്‍മാരില്‍ ഒരാളാണ് പടമുകള്‍ കുന്നുംപുറം നെയ്തേലിയില് പരേതനായ അഹമ്മദിന്റെ ഭാര്യ ആസിയ.
കാറില്‍ ബൂത്തിനു മുന്നിലെത്തിയ ആസിയ ഊന്നുവടിയുടെ സഹായത്തോടെ വോട്ടു രേഖപ്പെടുത്താന്‍ തനിയെ നടന്നുനീങ്ങുകയായിരുന്നു. വോട്ടുചെയ്തശേഷം ക്ഷീണം തോന്നിയ അവരെ കസേരയിലിരുത്തി കാറിലെത്തിച്ചു.
എഴുപതാം വയസില്‍ ബാപ്പ മരിക്കുംവരെ അദ്ദേഹത്തോടൊപ്പമായിരുന്നു ഉമ്മ വോട്ടു ചെയ്യാന്‍ പോയിരുന്നതെന്ന് മകന് യൂസഫ് പറഞ്ഞു.
ഓരോ കാലത്തേയും വോട്ടിംഗ് രീതികള്‍ ഇന്നും ആസിയയുടെ ഓര്‍മയിലുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് കളര്‍ ബോക്സ് സംവിധാനത്തിലൂടെ വോട്ട് ചെയ്ത ആസിയ പിന്നീട് വോട്ടിംഗ് യന്ത്രത്തിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.
കോവിഡ് കാലത്ത് നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 80 കഴിഞ്ഞവര്‍ക്കു തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് വീട്ടിലിരുന്നും ആസിയയുടെ വോട്ട് ചെയ്തു.
ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളൊന്നും അലട്ടാത്ത ആസിയയെ നടുവേദനയാണ് ചെറുതായി ബുദ്ധിമുട്ടിക്കുന്നത്.