ഷാജിമോന്‍ ജോസഫ്
കൊച്ചി: കാത്തിരുന്ന പ്രഖ്യാപനമെത്തി; തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക്. കത്തിയമരുന്ന വേനല്‍ച്ചൂടിനെ വെല്ലുന്ന ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് മണ്ഡലം നീങ്ങുമ്പോള്‍ പ്രിസ്റ്റീജ് പോരാട്ടത്തിനു തീപിടിപ്പിക്കാനുള്ള തന്ത്രങ്ങളും അസ്ത്രങ്ങളുമാകും വരും ദിനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവനാഴിയില്‍ രൂപംകൊള്ളുക.
വോട്ടെടുപ്പിലേക്കുള്ള അകലം ഒരു മാസം പോലും ഇല്ലായെന്നിരിക്കെ, ഇടതു, വലതു മുന്നണികളും ബിജെപിയും ട്വന്റി-20യും ആം ആദ്മി പാര്‍ട്ടിയുമൊക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകള്‍ സജീവമാക്കി കഴിഞ്ഞു.
ഈയാഴ്ചതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. വാദപ്രതിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമെല്ലാം ഉപതെരഞ്ഞെടുപ്പ് വേദിയാകുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുക എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തൃക്കാക്കര തന്നെയാകും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിന്റെ പിന്‍ഗാമിയെ തേടിയുള്ള ആ പോരാട്ടത്തില്‍ ഏറ്റവും ചര്‍ച്ചയാവുക കെ-റെയില്‍ സില്‍വര്‍ പദ്ധതി തന്നെയാകുമെന്ന് ഉറപ്പ്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള മാര്ക്കിടല്കൂടിയാകും തൃക്കാക്കരയിലെ മത്സരം.
കളമൊരുങ്ങുന്നത് ചതുഷ്കോണ മത്സരത്തിന്
ശക്തമായ ചതുഷ്കോണ മല്‍സരത്തിനു കളമൊരുങ്ങുന്ന മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം തീപാറുമെന്നുറപ്പ്. മണ്ഡല രൂപീകരണം മുതലിങ്ങോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള തൃക്കാക്കരയില്‍ കന്നി വിജയം സിപിഎമ്മിന് പ്രസ്റ്റീജാകുമ്പോള് കഴിഞ്ഞ തവണ ശക്തമായ സാന്നിധ്യമറിയിച്ച ട്വന്റി-20 ഇക്കുറി ആം ആദ്മിയുമായി സഖ്യമുണ്ടാക്കി സംയുക്ത സ്ഥാനാര്‍ഥിയെ മല്‍സര രംഗത്തിറക്കി വിജയം എത്തിപ്പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്.
ഇവിടെ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഭൂരിപക്ഷം കൂട്ടാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാനും പിന്നീടുള്ള രണ്ടു തെരഞ്ഞെടുപ്പുകളില്‍ പി.ടി.തോമസും വിജയിച്ച മണ്ഡലത്തില്‍ മറിച്ചൊരു ഫലം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിക്കുന്നു.
ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചുവരുന്ന മണ്ഡലത്തില്‍ കരുത്തുറ്റ സ്ഥാനാര്ഥിതന്നെയാകും ഇറങ്ങുകയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി.ജയരാജന് ഇന്ന് എറണാകുളത്ത് എത്തുന്നുണ്ട്.
കോണ്‍ഗ്രസ് മനസില്‍ ഉമ തോമസ്
പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ മനസില്‍ കണ്ടാണ് പാര്‍ട്ടി തന്ത്രങ്ങള്‍ ഒരുക്കുന്നതെന്ന് വ്യക്തമാണ്. പി.ടിയെ നെഞ്ചേറ്റിയ മണ്ഡലം ഉമയിലൂടെ നിലനിര്‍ത്താനാകും എന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോഴും ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി മാസങ്ങള്‍ക്കുമുമ്പേ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.
അതിനാലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാതിരുന്നതും. അടുത്തയിടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇവരെ വീട്ടിലെത്തി സന്ദര്‍ശിച്ചതും അവരുടെ മല്‍സര സന്നദ്ധത തേടുന്നതിനായിരുന്നു.
പി.ടി.തോമസിന്റെ വന്‍ കടബാധ്യത വീട്ടാനുള്ള പണവും നേതാക്കള്‍ കൈമാറിയിരുന്നു.സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് നേതാക്കളോ ഉമയോ ഇതുവരെ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയില്ലെങ്കിലും പി.ടിയുടെ മരണശേഷം ആദ്യമായി കഴിഞ്ഞ ദിവസം ഉമ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതും സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ചുവടുവയ്പായി വിലയിരുത്തപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തോട് ഒന്നും പറയാറായിട്ടില്ലെന്ന ഉമയുടെ മറുപടിയും മല്‍സരസാധ്യത തള്ളുന്നില്ലെന്ന സൂചനയാണ് നല്‍കുന്നത്.
ഉമയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ പി.ടിയോടുള്ള സഹതാപം മുതലെടുക്കാനും സീറ്റിനു വേണ്ടിയുള്ള ഗ്രൂപ്പ് പോരിന് തടയിടാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയേക്കും.