സ്വന്തം ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാർഥികളെ നിർണയിക്കാൻ ആപ്പുകളും സർവേകളുമായി കോണ്‍ഗ്രസും ബിജെപിയും. ദേശീയ തലത്തിൽ ഒരുക്കിയ ആപ്പുകളും സർവേകളും സ്ഥാനാർഥിക്കുപ്പായവുമായി കാത്തിരിക്കുന്ന പല നേതാക്കൾക്കും ആപ്പായി. സ്ഥാനാർഥി പ്രളയം ഒഴിവാക്കാനും മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുമുള്ള അരിപ്പയായാണു പാർട്ടികൾ ആപ്പുകളും സർവേയും പ്രയോഗിക്കുന്നത്.
ബിജെപി “നമോ ആപ്പി’ലൂടെയാണ് പ്രവർത്തകരുടെ വികാരം അളക്കുന്നതെങ്കിൽ കോണ്‍ഗ്രസ് രാഹുൽഗാന്ധിയുടെ “ശക്തി’ ആപ്പാണ് പ്രയോഗിക്കുന്നത്. ഉത്തരേന്ത്യൻ ഹിന്ദി ഹൃദയഭൂമിയിലെ നാലു സംസ്ഥാനങ്ങളിലും രാഹുൽഗാന്ധി ഈ ആപ്പ് ഉപയോഗിച്ച് പ്രവർത്തകരിൽനിന്ന് വിവരശേഖരണം നടത്തിയിരുന്നു. ഏതാനും മാസമായി കേരളത്തിലെ പ്രവർത്തകർക്കിടയിൽ “ശക്തി’ പ്രചരിപ്പിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ മികച്ച മൂന്നു നേതാക്കളുടെ പേര് അറിയിക്കണമെന്ന് ബിജെപി നമോ ആപ്പിലൂടെ പ്രധാന പ്രവർത്തകർക്കു സന്ദേശമയച്ചു. സ്ഥാനാർഥി നിർണയത്തിന് പ്രവർത്തകരുടെ നിർദേശങ്ങളും പരിഗണിക്കുമെന്നതാണ് സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നവരെ വിഷമിപ്പിക്കുന്നത്.
സ്ഥാനാർഥിനിർണയത്തിന് എഐസിസി നിയോഗിച്ച നിരീക്ഷക, വിലയിരുത്തൽ സംഘങ്ങൾ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തി. വിവിധ നേതാക്കളുമായും പ്രസ്ഥാനങ്ങളുടേയും സമുദായങ്ങളുടേയും സാരഥികളുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു.
എഐസിസിക്കു പ്രാഥമിക റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
സിപിഎമ്മും സിപിഐയും ബിജെപിയും സ്ഥാനാർഥി നിർണയത്തിൽ ഏകദേശ ധാരണകളിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. തൃശൂരിൽ സിപിഐയുടെ സിറ്റിംഗ് എംപി സി.എൻ. ജയദേവനോ കെ.പി. രാജേന്ദ്രനോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും.
കോണ്‍ഗ്രസിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന വികാരം ശക്തമാണ്. തൃശൂർക്കാരനായ സ്ഥാനാർഥിതന്നെ വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളയുടെ നേതാക്കൾ കെപിസിസിയിലും എഐസിസിയിലും കത്തു നൽകിയിട്ടുമുണ്ട്. എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം പി.സി. ചാക്കോ മൽസരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകാൻ മാറി നിൽക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
തൃശൂരിൽ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും വർഷങ്ങളായി തൃശൂരിന്റെ സാമൂഹ്യ വികസന വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവുമായ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്, കോർപറേഷനിൽ വികസന പ്രവർത്തനങ്ങൾ നയിച്ച മുൻ മേയർ രാജൻ ജെ. പല്ലൻ, ജില്ലാ സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ സി.ഐ. സെബാസ്റ്റ്യൻ തുടങ്ങിയവരുടെ പേരുകളാണു പാർട്ടി പ്രവർത്തകർക്കിടയിൽ സജീവ ചർച്ചയായിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ ഇറക്കുമതി ചെയ്യാനുള്ള നീക്കവും അണിയറയിലുണ്ട്.
ചാലക്കുടിയിൽ സിറ്റിംഗ് എംപിയും നടനുമായ ടി.വി. ഇന്നസെന്റ് ഇനി മൽസരിക്കില്ല. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും മാള മേലഡൂർ സ്വദേശിയുമായ പി. രാജീവാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. ആലത്തൂരിൽ സിപിഎമ്മിന്റെ പി.കെ. ബിജുവിനു പകരം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ. രാധാകൃഷ്ണനെ കളത്തിലിറക്കിയേക്കും.
ചാലക്കുടിയിൽ കോണ്‍ഗ്രസിന്റെ തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും മുൻ എംപി കെ.പി. ധനപാലനും നോട്ടമിട്ടിട്ടുണ്ട്. കൂടുതൽ പാർട്ടികളെ ചേർത്ത് യുഡിഎഫ് വിപുലീകരിക്കുന്നതടക്കമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.
അടുത്ത ദിവസങ്ങളിലായി ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് രാഹുൽഗാന്ധിയേയും കേരളത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തൃശൂരിൽ 27 നു നടക്കുന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കാനിരിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്യാനാണ് രാഹുൽഗാന്ധി എത്തുക.