സ്വന്തം ലേഖകൻ
തൃശൂർ: ആരാകും നാടുവാഴുന്നതെന്നറിയാനുള്ള കാത്തിരിപ്പിനു മണിക്കൂറുകളുടെ ദൈർഘ്യം മാത്രം. ഇന്നത്തെ പകൽ ഇരുട്ടിവെളുത്തു കഴിഞ്ഞാൽ ജനവിധിയറിയാം. വാഴുന്നതാര്, വീഴുന്നതാര് എന്നറിയാൻ നാടും നഗരവും കാത്തിരിക്കുകയാണ്.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം അതാതു സെന്ററുകളിൽ സജ്ജമാക്കിക്കഴിഞ്ഞു. ഇനി ചില അവസാനവട്ട ക്രമീകരണങ്ങൾ മാത്രമേയുള്ളൂ.കനത്ത സുരക്ഷാസന്നാഹങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാണ് വോട്ടെണ്ണൽ നടക്കുക. ഫലമറിഞ്ഞാലുള്ള ആഹ്ലാദ പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ ദിനമായ നാളെ രാവിലെ എട്ടുമുതൽ ഫലമറിഞ്ഞു തുടങ്ങുംവിധമാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ട്രെൻഡ് സോഫ്റ്റ് വെയർ മുഖേന തെരഞ്ഞെടുപ്പുഫലം തത്സമയം അറിയാനാകും.
ഒരുങ്ങി പോലീസ്
തെരഞ്ഞെടുപ്പു ഫലം വരുന്ന ദിനത്തിൽ കൈക്കൊള്ളേണ്ട സുരക്ഷ നടപടികളും ആഹ്ലാദ പ്രകടനങ്ങൾക്ക് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ പോലീസിന്റെ യോഗം ചേർന്നു.
സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ ജില്ലയിലെ ഉയർന്ന പോലീസ് മേധാവികൾ യോഗം ചേർന്നു തീരുമാനങ്ങളെടുത്തു. ആഘോഷങ്ങൾക്കു നിയന്ത്രണങ്ങളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ജില്ലയിലെ പ്രശ്നബാധിത സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ക്രമസമാധാനപാലനത്തിനു കൂടുതൽ പോലീസിനെ എല്ലാ മേഖലകളിലും വിന്യസിക്കും.