ചാലക്കുടി: നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയ സ്ഥാനാർഥികൾ വികസനത്തിന് ഏറെ വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ചാലക്കുടിയുടെ പ്രധാന ആവശ്യങ്ങൾ സ്ഥാനാർഥികൾ കാണാതെ പോകരുത്.
* ചാലക്കുടി താലൂക്കായി ഉയർത്തിയിട്ട് ഏഴ് വർഷം പിന്നിട്ടെങ്കിലും താലൂക്ക് ഓഫീസിന് ഇപ്പോഴും ആസ്ഥാനം നിർമിച്ചിട്ടില്ല.
* ചാലക്കുടിയിൽ റവന്യൂ ടവർ നിർമാണം അനിശ്ചിതാവസ്ഥയിലാണ്. നഗരസഭ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സിൽ മൂന്നാം നിലയിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. പോട്ടയിൽ നഗരസഭ സ്ഥലം നൽകാൻ തയ്യാറായിട്ടുണ്ടെങ്കിലും റവന്യൂ ടവർ എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
* ദേശീയപാത മരണവീഥിയായി മാറിയിരിക്കയാണ്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. കൊരട്ടി ജംഗ്ഷൻ, മുരിങ്ങൂർ ജംഗ്ഷൻ, പോട്ട ആശ്രമം ജംഗ്ഷൻ, പേരാന്പ്ര എന്നിവിടങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങുകയാണ്. മുനിസിപ്പൽ ജംഗ്ഷനിൽ അടിപ്പാത നിർമാണം 2018 മാർച്ച് 25ന് നിർമാണോദ്ഘാടനം നടത്തിയതായിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അടിപ്പാത നിർമാണം ഇപ്പോഴും ഒച്ചിഴയുന്ന വേഗതയിലാണ്.
* എംടിഐയുടെ ഉടമസ്ഥതയിൽ പരിയാരം വേളൂക്കരയിൽ 15 ഏക്കർ സ്ഥലം വെറുതെ കിടക്കുകയാണ്. ഹൈടെക് മീറ്റ് പ്രോസസിംഗ് കന്പനി ആരംഭിക്കാൻ തീരുമാനിച്ച സ്ഥലമാണ് ഇപ്പോഴും കാടുപിടിച്ച് കിടക്കുന്നത്.
* ചാലക്കുടിയിലെ കർഷകർ വേനൽക്കാലത്ത് കൃഷിക്ക് വെള്ളം ലഭിക്കാതെ നടത്തുന്ന മുറവിളക്ക് പരിഹാരമായി തുന്പൂർമുഴിയിൽ ഒരു സ്റ്റോറേജ് ഡാം നിർമിക്കുകയെന്ന ആവശ്യം ഇന്നും ഫലവത്തായിട്ടില്ല.
* മലയോര മേഖലയിൽ വന്യമൃഗശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. വന്യമൃഗശല്യം തടയാനുള്ള പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.
* മലയോര മേഖലകളിൽ നൂറുകണക്കിന് കുടുംബങ്ങൾ പട്ടയത്തിനു വേണ്ടി കാത്തിരിപ്പാണ്.
* കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആധുനികവത്കരണം ഇന്നു നടത്തിയിട്ടില്ല.
* റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ആരും കേൾക്കുന്നില്ല.
* അതിരപ്പിള്ളി ടൂറിസം വികസനത്തിന് വാഴച്ചാലിൽ നിന്നും പറന്പിക്കുളത്തേക്കുള്ള റോഡ് നിർമാണം തടസപ്പെട്ടു കിടക്കുകയാണ്. പറന്പിക്കുളത്തേക്ക് കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. ഇപ്പോൾ പറന്പിക്കുളത്തേക്ക് ടൂറിസ്റ്റുകൾ പോകുന്നത് തമിഴ്നാട് കൂടിയാണ്. വാഴച്ചാലിൽ നിന്നും പറന്പിക്കുളത്തേക്കുള്ള റോഡ് തുറന്നാൽ അതിരപ്പിള്ളി ടൂറിസം മേഖലയുടെ വളർച്ച ദ്രുതഗതിയിലാകും.
* ചാലക്കുടി ടൗണുമായി ബന്ധപ്പെടുത്തി പുതുതായി റോഡുകൾ നിർമിച്ച് ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കാതെ ഇന്നും പഴയ അവസ്ഥയിലാണ്. പുഴയോര റോഡ് നിർമിച്ച് പുഴയോര ടൂറിസം വികസിപ്പിക്കാനും കഴിയും. എന്നാൽ ഈ വികസനങ്ങളെല്ലാം നടപ്പിലാക്കാതെ ഇന്നും പരിചികയായി മാറിയിരിക്കയാണ്.