പുതുക്കാട് : മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും യുഡിഎഫുമെങ്കിൽ സ്വന്തം ചിഹ്നം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ് സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
അതു കൊണ്ടു തന്നെ ജനാധിപത്യത്തിന്റെ ശക്തിക്ക് യുഡിഎഫ് ജയിക്കേണ്ടത് ആവശ്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുതുക്കാട് വല്ലച്ചിറയിൽ കെ.മുരളിധരന്റെ പുതുക്കാട് ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങളെ കൊണ്ട് പറയിപ്പിക്കുമ്പോഴും മോദി പരാജയ ഭീതിയിലാണ്. അതുകൊണ്ടാണ് കേജരിവാളിനെ ജയിലിലടച്ചതും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും.
തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധിപ്രധാനമന്ത്രിയാകുമെന്നും അപ്പോൾ കേന്ദ്ര മന്ത്രിയായി കെ.മുരളീധരനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മോദിയും പിണറായിയും തൃശൂർ വന്നപ്പോൾ പരസ്പര സഹകരണത്തിലാണ് സംസാരിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്ന് മോദി പറയുമ്പോൾ എന്തുകൊണ്ടാണ് ഇഡി നടപടിയെടുക്കാത്തത്?.
തെരഞ്ഞടുപ്പിലെ സഹകരണത്തിനു വേണ്ടി എല്ലാ വിഷയങ്ങളിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണ്. ഇത് നാടിന് ആപത്താണെന്ന് നാം തിരിച്ചറിയണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ, എം.പി വിൻസെന്റ്, സുനിൽ അന്തിക്കാട് എന്നിവർ സംസാരിച്ചു.