തൃശൂർ: കെപിസിസി യോഗത്തിൽ തൃശൂരിലെ വിജയത്തെക്കുറിച്ച് താൻ ആശങ്ക പ്രകടിപ്പിച്ചെന്ന പ്രചരണം തെറ്റാണെന്ന് തൃശൂർ ലോക്സഭ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ ടി.എൻ.പ്രതാപൻ പറഞ്ഞു.ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂരിൽ ആരും പ്രതീക്ഷിക്കാത്ത വൻ ഭൂരിപക്ഷത്തിൽ താൻ ജയിക്കും. 25,000ത്തിനുമുകളിൽ ഭൂരിപക്ഷമുണ്ടാകും. ബിഡിജഐസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ഇതിലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു. സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി വന്നതോടെ സ്വാഭാവികമായും കുറച്ചു വോട്ടുകൾക്ക് മാറ്റം വന്നിട്ടുണ്ടാകും. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതാപൻ.
എന്നാലും ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോകും. ഹിന്ദുക്കളുടെ വോട്ടുകൾ സുരേഷ് ഗോപിക്കാണ് പോയിരിക്കുകയെന്നു പറയുന്നത് ശരിയല്ല. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയുമൊക്കെ വോട്ടുകൾ കോണ്‍ഗ്രസിനാണ് കിട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ല. തൃശൂരിൽ താൻ ജയിക്കുമെന്ന് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച എല്ലാവർക്കും ബോധ്യമുണ്ട്.
ആലത്തൂർ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാർഥി ജയിക്കും. ഇവിടെ ഏറ്റവും നല്ല സ്ഥാനാർഥിയെ തന്നെ നിർത്താൻ സാധിച്ചുവെന്നതാണ് വിജയം. ചാലക്കുടിയിലും കോണ്‍ഗ്രസ് സ്ഥാനാർഥി ജയിക്കും. ദേശീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവും സ്വാധീനിച്ചിട്ടുണ്ട്.