നെയ്യാറ്റിൻകര: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട് ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിത്വം കേരളത്തിൽ സൂപ്പർ തരംഗം സൃഷ്ടിക്കുമെന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് എൻഡിഎ തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.പി സെൻകുമാർ. എൻഡിഎ നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ ു കമ്മിറ്റി ഓഫീസിൽ ഇന്നലെ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഡിവൈഎഫ്ഐ യെക്കാൾ മോശമായ രീതിയിലാണ് പോലീസിനെ സിപിഎം ഉപയോഗിക്കുന്നത്. ഇവിടെ പിണറായിയുടെ ആഗ്രഹമല്ല നടപ്പാക്കേണ്ടതെന്നും സിആർപിസിയും പോലീസ് ആക്ടുമാണ് വേണ്ടതെന്നും മുൻ ഡിജിപി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ഹർത്താലിന് ആഹ്വാനം ചെയ്തെന്നും മറ്റും ആരോപിച്ച് തനിക്കെതിരേ കള്ളക്കേസുകളെടുത്തു.
താൻ എന്നും ഹർത്താലിന് എതിരാണ്. ബെഹ്റയ്ക്കു പകരം ആ സാദൃശ്യമുള്ള പാഷാണം ഷാജിയെ ഡിജിപി യാക്കിയാലോ എന്നൊരു വാട്സ് അപ്പ് സന്ദേശത്തിന് താൻ മറുപടി കുറിച്ചത് നല്ലൊരു ഡിജിപി യെ കിട്ടുമെന്നാണ്. ശശി തരൂർ വിശ്വപൗരനാണെങ്കിൽ അമേഠിയിൽ മത്സരിക്കാമായിരുന്നല്ലോ എന്നും അദ്ദേഹം എംപി യായ കാലത്ത് പാകിസ്ഥാന് എന്തു പ്രയോജനം എന്ന് ചോദിക്കേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞു.