കൊച്ചി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയ സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കാത്തതില് പോലീസ് സേനയില്‍ അമര്‍ഷം രൂക്ഷം. കഴിഞ്ഞ ജനുവരിയില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയാണ് ഇലക്ഷന് ഫലപ്രഖ്യാപനം വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പഴയ പോലീസ് സ്റ്റേഷനുകളിലേക്ക് തിരിച്ചയയ്ക്കാത്തത്.
പോലീസ് ഓഫീസര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ നിലവിലെ ചര്‍ച്ച “നാളെയെങ്കിലും തിരികെ പോകാനുള്ള ഉത്തരവ് ഇറങ്ങുമല്ലേ’ എന്ന ചോദ്യമാണ് .ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ് പല പോലീസ് സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത്. നിയമനം കിട്ടുന്ന ജില്ലകളില്‍ വീട് വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകളിലോ കുടുംബസമേതമാണ് പലരും താമസിക്കുന്നത്.
പഠന സൗകര്യാര്‍ഥം കുട്ടികളെ അതാത് പ്രദേശത്തെ സ്കൂളുകളിലും ചേര്‍ത്തവരാണ് മിക്ക പോലീസ് ഓഫീസര്‍മാരും. കുട്ടികളെ സ്കൂളില്‍ ആക്കാനും മറ്റ് കുടുംബാവശ്യങ്ങള്ക്കുമെല്ലാം വേണ്ട സഹായം ചെയ്തിരുന്ന ഗൃഹനാഥനായ പോലീസ് ഉദ്യോഗസ്ഥന് ആറു മാസത്തേക്ക് മറ്റിടങ്ങളില്‍ സ്ഥലംമാറിപ്പോകുമ്പോള്‍ നിലവില്‍ സന്തുലിതമായി പോകുന്ന കുടുംബ ബജറ്റാണ് താളം തെറ്റുന്നത്. അതുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും ചെറുതല്ല.
സ്ഥലം മാറിയെത്തുന്ന സ്ഥലത്ത് തനിച്ചുള്ള താമസത്തിനായി വാടകവീട് എടുക്കേണ്ടിവരുന്നു. വീട്ടു വാടകയും ഭക്ഷണച്ചെലവും മറ്റ് കാര്യങ്ങള്‍ക്കുമായി ഉള്ള ശമ്പളത്തില്‍ നിന്ന് 25,000 രൂപയെങ്കിലും ഓരോ മാസവും അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ് പലര്‍ക്കും ഉള്ളത്.പോലീസ് ഉദ്യോഗസ്ഥരുടെ ഡിഎയില്‍ നിലവില്‍ ഷോര്‍ട്ടേജ് ഉള്ളതിനാല്‍ ഇതിനായി പണം കണ്ടെത്തേണ്ട അധിക ബാധ്യതയും പലര്‍ക്കും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്.
ഇതെല്ലാം പ്രത്യക്ഷത്തില്‍ വലിയ കാര്യമല്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷവും അകാരണമായ ദേഷ്യവുമൊക്കെ വലുതു തന്നെയാണ്. പഴയ സ്ഥലത്തേക്കുള്ള സ്ഥലം മാറ്റം നീളുമ്പോള്‍ മാനസിക സംഘര്‍ഷം മൂലം ചിലര്‍ക്കെങ്കിലും ജോലിയില്‍ ഉറച്ചു നില്ക്കാന് കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. ഇതില്‍ നിന്നെല്ലാം ആശ്വാസം എന്ന നിലയില്‍ ചെറിയ തോതില്‍ മദ്യപാനത്തിലേക്ക് തിരിയുന്നവരും വിരളമല്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ജനുവരിയില്‍ സ്ഥലം മാറ്റമുണ്ടായി മേയില്‍ ഇലക്ഷന് നടന്ന് ജൂണില്‍ തിരിച്ചു പോകാമെന്ന ധാരണയിലാണ് പുതിയ സ്ഥലത്തേക്ക് പലരും എത്തുന്നത്. എന്നാല്‍ തിരിച്ചു പോകല്‍ നീളുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷം ചെയ്യുന്ന തൊഴിലില്‍ ചെറിയ തോതിലെങ്കിലും അസംതൃപ്തിക്ക് കാരണമാക്കുന്നുണ്ട്.
കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ പോലീസ് സേനയില്‍ കേസ് എടുക്കലിന് വീഴ്ച വരുത്തില്ലെങ്കിലും മറ്റൊരു ഓഫീസര്‍ തുടങ്ങിവച്ചിരിക്കുന്ന ജോലിയില്‍ താന്‍ അത്രയ്ക്ക് റിസ്ക് എടുക്കണോയെന്ന് ചിന്തിക്കുന്ന ബഹുഭൂരിപക്ഷം പേരെങ്കിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത് ചെറിയ തോതിലെങ്കിലും പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ഇടയാക്കിയേക്കാം.
സീമ മോഹന്‍ലാല്‍