നിശാന്ത് ഘോഷ്
കണ്ണൂർ: തെരഞ്ഞെടുപ്പ് കമ്മീഷനെയും പെരുമാറ്റ ചട്ടങ്ങളെയും വെല്ലുവിളിച്ച് വീണ്ടും ട്രഷറി വകുപ്പ്. പെരുമാറ്റ ചട്ടങ്ങളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന രീതിയിൽ രണ്ടാം തവണയും ട്രഷറി വകുപ്പ് ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവിറക്കി. സർക്കാർ ഉത്തരവ് നന്പർ ബി 102/2018 പ്രകാരം ഇക്കഴിഞ്ഞ 26നാണ് ട്രഷറി ഡയറക്ടർ 23 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ ബി-2, 102/2019 പ്രകാരം 27ന് ഈ ഉത്തരവിന് ഭേദഗതിയും പുറപ്പെടുവിച്ചു. പുതുക്കിയ ഉത്തരവ് പ്രകാരം ആദ്യ ഉത്തരവിലെ മൂന്നുപേരുടെ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു.
നേരത്തെയുള്ള ഉത്തരവ് പ്രകാരം കുന്പനാട് സബ് ട്രഷറിയിൽനിന്ന് റാന്നി സബ് ട്രഷറിയിലേക്ക് മാറ്റിയ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം റദ്ദാക്കി കുന്പനാട് തന്നെ നിയമിച്ചുകൊണ്ടാണ് ഉത്തരവ് പുതുക്കിയിറക്കിയത്. ഇതുകൂടാതെ ആലത്തൂർ സബ് ട്രഷറിയിൽനിന്ന് കുന്പനാടേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം റദ്ദാക്കി നായരന്പലം സബ് ട്രഷറിയിലേക്കും നായരന്പലം സബ് ട്രഷറിയിലേക്ക് സ്ഥലംമാറ്റിയ വനിതാ ഓഫീസറുടെ സ്ഥലംമാറ്റം റദ്ദാക്കി റാന്നി പെരുനാടിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതുമുതൽ വോട്ടെണ്ണൽ കഴിയുന്നതു വരെയാണ് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നത്. എന്നാൽ ഇക്കാര്യം ലംഘിച്ചുകൊണ്ടാണ് ട്രഷറി ഡയറക്ടർ തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്ന വേളയിൽ തുടർച്ചയായി രണ്ടാമതും ചട്ടലംഘനം നടത്തിയതെന്ന് ട്രഷറി വകുപ്പിലെ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുപിന്നാലെ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർമാർ അതത് വകുപ്പ് മേധാവികളോട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കാനുള്ള ജീവനക്കാരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. ഈ പട്ടിക അതത് ഓഫീസ് മേലധികാരികൾ കളക്ടർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഈ പട്ടിക സമർപ്പിച്ചതിനുശേഷമായിരുന്നു ട്രഷറി വകുപ്പ് ചട്ടം ലംഘിച്ച് ആദ്യ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനക്കയറ്റത്തോടുകൂടിയ സ്ഥലംമാറ്റവും സാധാരണ സ്ഥലംമാറ്റവും ഉൾപ്പെടെയുള്ളവയായിരുന്നു ഈ ഉത്തരവ്. ഒരു ഡപ്യൂട്ടി ഡയറക്ടർ, മൂന്ന് ജില്ലാ ട്രഷറി ഓഫീസർമാർ, മൂന്ന് അസി. ജില്ലാ ട്രഷറി ഓഫീസർമാർ, പത്ത് സബ്ട്രഷറി ഓഫീസർമാർ, 12 ജൂണിയർ സൂപ്രണ്ടുമാർ, 15 സീനിയർ അക്കൗണ്ടന്റുകൾ, 13 സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റുമാർ എന്നിവരുൾപ്പെട 57 പേർക്കായിരുന്നു സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലംമാറ്റം നൽകിയത്.
രണ്ട് ജില്ലാ ട്രഷറി ഓഫീസർമാർ, അഞ്ച് അസി. ജില്ലാ ട്രഷറി ഓഫീസർമാർ, രണ്ട് സബ് ട്രഷറി ഓഫീസർമാർ, 17 ജൂണിയർ സൂപ്രണ്ടുമാർ, 19 സീനിയർ അക്കൗണ്ടന്റുമാർ, 23 സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കായിരുന്നു സ്ഥലംമാറ്റം. മാർച്ച് എട്ടിന്റെ തീയതി വച്ച് 11ന് വൈകുന്നേരം 6.30നായിരുന്നു ഈ ഉത്തരവ് പുറത്തിറക്കിയത്. ട്രഷറി വകുപ്പിന്റെ ആഭ്യന്തര ഇന്റർനെറ്റ് മെയിൽ സംവിധാനമായ ട്രഷറി മെയിൽ വഴിയായിരുന്നു ഉത്തരവ്.
ഈ ഉത്തരവ് അതത് ട്രഷറി മേധാവികൾ 13നാണ് ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകിയത്. ഇതുപ്രകാരം സ്ഥലംമാറ്റപ്പെട്ട ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ അറിയിപ്പ് ലഭിച്ചപ്പോൾ സ്ഥലംമാറിപ്പോയെന്നു കാണിച്ച് മേധാവികൾ മറുപടി നൽകുകയായിരുന്നു. ഇത്തരത്തിലുള്ള സ്ഥലംമാറ്റം സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെ ട്രഷറി വകുപ്പ് ഡയറക്ടർ ചില കാര്യങ്ങളിൽ പക്ഷപാതപരമായ നിലപാടുകളെടുത്ത് ഒരു വിഭാഗം ജീവനക്കാരെ മനപൂർവം ദ്രോഹിക്കുകയാണെന്ന് ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ട്രഷറി ഡയറക്ടറുടെ ദ്രോഹനിലപാട് അവസാനിപ്പിക്കണമെന്നും ഭരണാനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് ജോയിന്റ് കൗൺസിൽ. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജോയിന്റ് കൗൺസിൽ നാളെ തിരുവനന്തപുരത്തെ ട്രഷറി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.