വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു പരാജയം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റങ്ങളെല്ലാം നിഷേധിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിയിൽ ഹാജരായ ട്രംപിനെ ഇന്ത്യൻ വംശജയായ മജിസ്ട്രേറ്റ് മോക്സില്ല ഉപാധ്യായ് ജാമ്യത്തിൽ വിട്ടു. അടുത്ത വിചാരണ 28നാണ്. രാഷ്ട്രീയ എതിരാളിയെ പീഡിപ്പിക്കലാണു നടക്കുന്നതെന്നു ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപിനെതിരേ കുറ്റം ചുമത്തിയത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് ഏറ്റ പരാജയം അംഗീകരിക്കാതെ ട്രംപ് നടത്തിയ നുണപ്രചാരണങ്ങളാണു കലാപത്തിനു കാരണമെന്ന് ആരോപിക്കുന്നു. അമേരിക്കയെ വഞ്ചിച്ചുവെന്നതടക്കം നാലു കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
നാലു മാസത്തിനിടെ ട്രംപിനെതിരേ ചുമത്തപ്പെടുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. നീലച്ചിത്ര നടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം കാട്ടിയതിനും പ്രസിഡന്റ് പദവിയൊഴിഞ്ഞശേഷവും രഹസ്യ രേഖകൾ വീട്ടിൽകൊണ്ടുപോയി സൂക്ഷിച്ചതിനുമാണു മറ്റു കേസുകൾ.