കോട്ടയം: തദേശ തെഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫിൽ സീറ്റുകൾ ധാരണയായതോടെ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇന്നലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് സീറ്റുകൾ ധാരണയായത്.
ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിൽ ഒന്‍പതിടത്ത് കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗം മത്സരിക്കും. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, കിടങ്ങൂർ, വൈക്കം, വെള്ളൂർ, അതിരന്പുഴ, തൃക്കൊടിത്താനം ഡിവിഷനുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്.
ബാക്കിയുള്ള 13 സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് എരുമേലി ഡിവിഷനുവേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച 11 സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതെങ്കിലും അത് പൂർണമായി നൽകാൻ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച കടുത്തുരുത്തിയും പൂഞ്ഞാറുമാണു കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാനാർഥികളുടെ സാധ്യത പട്ടികയും പുറത്തുവന്നിട്ടുണ്ട്. അടുത്ത ദിവസം തന്നെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സ്ഥാനാർഥികളുടെ പേര് ഒൗദ്യോഗികമായ പ്രഖ്യാപിക്കും.
പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലെ സീറ്റുവിഭജനം ധാരണയിലെത്തിയിട്ടുണ്ട്. ചില സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് തർക്കമുള്ളത്. ഈ സീറ്റുകളിലെ അന്തിമ തീരുമാനം അടുത്ത ദിവസം യുഡിഎഫ് ജില്ലാ നേതൃത്വം ചർച്ച ചെയ്തു പരിഹരിക്കും.
ജോസഫ് വിഭാഗത്തിന്റെ സീറ്റുകളായ കാഞ്ഞിരപ്പള്ളി-മറിയാമ്മ ജോസഫ്, തൃക്കൊടിത്താനം-സ്വപ്ന ബിനു, കങ്ങഴ-ത്രേസ്യാമ്മ കയ്യാലപറന്പിൽ, ആലീസ് തോമസ്, വെള്ളൂർ-പോൾസണ്‍ ജോസഫ്, കുറവിലങ്ങാട്-മേരി സെബാസ്റ്റ്യൻ, ഭരണങ്ങാനം-സജി മഞ്ഞക്കടന്പിൽ, മൈക്കിൾ പുല്ലുമാക്കൽ, കിടങ്ങൂർ-ജോസ്മോൻ മുണ്ടയ്ക്കൽ, അതിരന്പുഴ-സാലി ജോർജ്, റോസമ്മ സോണി എന്നിവരെയാണ് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ചില സീറ്റുകളിലെ പട്ടികയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, എൽഡിഎഫിൽ സീറ്റ് വിഭജനം സംബന്ധിച്ചു ധാരണയായിട്ടില്ല. സീറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടാക്കുന്നതിനായി സിപിഎം കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗവുമായി രണ്ടു വട്ടം ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.
13 സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നതെങ്കിലും എന്നാൽ ഇത്രയും സീറ്റുകൾ നല്കാൻ സിപിഎം തയാറല്ലെന്നാണ് സൂചന. ഇന്നു വീണ്ടും ചർച്ചകൾ നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ സിപിഎം സ്ഥാനാർഥികൾ എകപക്ഷീയമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ഘടകക്ഷികളെ പ്രകോപിതരാക്കിയതായും പറയപ്പെടുന്നു.
പുതിയ കക്ഷി വന്ന സ്ഥിതിക്ക് സീറ്റിൽ വീട്ടുവീഴ്ച വേണ്ടിവരുമെന്ന സിപിഎം ഘടകക്ഷികളോട് നിർദേശിച്ചുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ മത്സരിച്ച എൻസിപിയും ജനതാദൾ സെക്കുലറും ഓരോ സീറ്റുകൾ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ജനതാദൾ രണ്ടായി പിളർന്ന സാഹചര്യത്തിൽ ഇത്തവണ സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സിപിഎം നേതൃത്വം ഉഭയകക്ഷി ചർച്ചയിൽ നൽകിയ സൂചന. എൻസിപി ആവശ്യപ്പെട്ട ഭരണങ്ങാനത്തിനു പകരം മറ്റൊരു സീറ്റെന്ന നിലപാടിലാണ് സിപിഎം.
എന്നാൽ എൻസിപി ഭരണങ്ങാനം, വെള്ളൂർ എന്നീ സീറ്റുകളിലൊന്ന് വേണമെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ്. ഉടൻ തന്നെ ചർച്ചയിലൂടെ തർക്കം പരിഹരിച്ചു സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം നേതൃത്വം.
ചില സീറ്റുകളിൽ ബിഡിജെഎസുമായുളള തർക്കം നിലനില്‍ക്കുന്നതിനാൽ എൻഡിഎ മുന്നണി സ്ഥാനാർഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ല. രണ്ടു ദിവസത്തിനകം ഗ്രാമ, ബ്ലോക്ക്, നഗരസഭകളിലെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും.