തിരുവനന്തപുരം: ഗ്രാമ, ബ്ലോക്ക്, ജില്ലാതലങ്ങളിൽ എൽഡിഎഫിനു കിട്ടിയത് സമഗ്ര ആധിപത്യം. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫ് പ്രാഥമിക കണക്കുകളനുസരിച്ച് നേരിയ നേട്ടമുണ്ടാക്കിയത്.
ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുള്ളതിനാൽ ഇനിയുള്ള രാഷ്ട്രീയനീക്കങ്ങളെ ആശ്രയിച്ചിരിക്കും ഭരണം നിശ്ചയിക്കപ്പെടുന്നത്.
നിരവധി മുനിസിപ്പാലിറ്റികളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണുള്ളത്.
ഓരോ മുന്നണിയുടെയും നേട്ടങ്ങളുംനേരിട്ട തിരിച്ചടികളും ഇങ്ങനെ:
എൽഡിഎഫ്
അഭിമാനാർഹമായ വിജയമാണ് ഇടതുമുന്നണി കൈപ്പിടിയിലൊതുക്കിയത്. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും മുന്നണി നേതൃത്വത്തിലുള്ള ഭരണസമിതികൾ ഭരിക്കുമെന്ന് ഉറപ്പായി.
പത്തു ജില്ലാ പഞ്ചായത്തുകളിൽ അവർക്കു വ്യക്തമായ മേൽക്കൈ ലഭിച്ചു. കാസർഗോഡ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. കഴിഞ്ഞ തവണ ഏഴു ജില്ലാ പഞ്ചായത്ത് ലഭിച്ചിടത്തു നിന്നാണ് ഈ മുന്നേറ്റം. ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും 211 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ അവർ നേടി. കഴിഞ്ഞ തവണ 170 സീറ്റുകളായിരുന്നു ലഭിച്ചത്.
ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 ഇടത്തും അവർ മേൽക്കൈ നേടി. കഴിഞ്ഞ തവണത്തെ 92 ബ്ലോക്ക് പഞ്ചായത്തുകൾ എന്ന നേട്ടം ഇത്തവണ മറികടന്നു. 1172 വാർഡുകളിലാണു വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1088 വാർഡുകളിൽ.
941 ഗ്രാമപഞ്ചായത്തുകളിൽ 514 സ്ഥലങ്ങളിൽ മുന്നിലെത്തി. 7095 വാർഡുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ 577 പഞ്ചായത്തുകളും 7623 വാർഡുകളുമായിരുന്നു നേടിയത്.
മുനിസിപ്പാലിറ്റികളിൽ 1167 സീറ്റുകൾ. കഴിഞ്ഞ തവണത്തെ 1263ന് ഒപ്പമെത്താൻ സാധിച്ചില്ല. 35 മുനിസിപ്പാലിറ്റികളിലാണു മുന്നിലെത്തിയത്. മൂന്നു കോർപറേഷനുകളിൽ മാത്രമേ കേവലഭൂരിപക്ഷം നേടാനായുള്ളൂ എങ്കിലും 207 വാർഡുകളിൽ വിജയിക്കാനായി.
യുഡിഎഫ്
അനുകൂല സാഹചര്യങ്ങൾ നിലനിന്നിരുന്നെങ്കിലും യുഡിഎഫിന് അതു മുതലാക്കാനായില്ല. തെക്കൻ കേരളത്തിൽ വലിയ തിരിച്ചടി ഉണ്ടായപ്പോൾ മധ്യകേരളത്തിലും ആദ്യമായി പിന്നോക്കം പോയി.
കഴിഞ്ഞ തവണത്തെ ഏഴു ജില്ലാ പഞ്ചായത്തുകളുടെ സ്ഥാനത്ത് ഇത്തവണ മൂന്നിടത്തു മാത്രമേ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളൂ. 111 മെംബർമാരാണ് മുന്നിലെത്തിയത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നിലെത്തിയത് 44 ഇടത്തു മാത്രം. കഴിഞ്ഞ തവണ 60 സ്ഥലങ്ങളിൽ ഭരണത്തിലെത്തിയിരുന്നു. മുന്നിലെത്തിയത് 636 വാർഡുകളിൽ.
ഗ്രാമപഞ്ചായത്തുകളിലും സ്ഥിതി മെച്ചമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ നേരിയ പുരോഗതി കൈവരിച്ചു എന്നു മാത്രം. കഴിഞ്ഞ തവണത്തെ 347ന്റെ സ്ഥാനത്ത് ഇത്തവണ 377 ഗ്രാമപഞ്ചായത്തുകളിലാണ് മുന്നണിക്കു മുൻതൂക്കം ലഭിച്ചത്.
5734 വാർഡുകളിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6324 വാർഡുകൾ ജയിച്ച സ്ഥാനത്താണിത്. മുനിസിപ്പാലിറ്റികളിൽ അവസാന കണക്കുകൾ ഒൗദ്യോഗികമായി പുറത്തു വന്നില്ലെങ്കിലും യുഡിഎഫിനു മുൻതൂക്കമുണ്ട്. 45 സ്ഥലങ്ങളിൽ അവർ മുന്നിലെത്തി. 1172 വാർഡുകളിൽ ജയിച്ചു.
കോർപറേഷനുകളിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടിയത് കണ്ണൂരിൽ മാത്രമാണ്. എറണാകുളത്തും തൃശൂരിലും ആർക്കും ഭൂരിപക്ഷമില്ല. 120 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ 145 വാർഡുകൾ.
എൻഡിഎ
അമിതമായ ആത്മവിശ്വാസമായിരുന്നു എൻഡിഎ പ്രകടിപ്പിച്ചിരുന്നത്. ഫലം വന്നപ്പോൾ അതു കാണാനായില്ല. എന്നാൽ ചില മേഖലകളിൽ കൂടുതൽ സീറ്റുകൾ നേടാൻ അവർക്കു സാധിച്ചു. ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിൽ നിർണായക ശക്തിയുമായി.
അവരുടെ പ്രതീക്ഷകൾക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് തിരുവനന്തപുരം കോർപറേഷനിലാണ്. ഒറ്റയ്ക്കു ഭരിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും കഴിഞ്ഞ തവണ ലഭിച്ച 35 സീറ്റുകൾ മാത്രമാണ് ഇത്തവണയും ലഭിച്ചത്. കഴിഞ്ഞ തവണ എല്ലാ കോർപറേഷനുകളിലുമായി ലഭിച്ച 51 വാർഡുകൾ ഇത്തവണ 59 ആയി ഉയർന്നു.
മുനിസിപ്പാലിറ്റികളിലാണ് ബിജെപി കൂടുതൽ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ പാലക്കാട് നഗരസഭയിൽ കഷ്ടിച്ചു ഭൂരിപക്ഷം ഒപ്പിച്ചെങ്കിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി. പന്തളം മുനിസിപ്പാലിറ്റിയിലും അവർ ഭരണം പിടിച്ചു.
സംസ്ഥാനത്തു ചില നഗരസഭകളിലെങ്കിലും മുഖ്യപ്രതിപക്ഷ പദവിയിലേക്ക് എത്താനും അവർക്കു സാധിച്ചു. രണ്ടു മുനസിപ്പാലിറ്റികളിൽ ഭരണം നേടിയതിനൊപ്പം 320 വാർഡുകളിൽ ജയിക്കാനും സാധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 236 വാർഡുകളിലായിരുന്നു വിജയിച്ചത്.
കഴിഞ്ഞ തവണ 12 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ച സ്ഥാനത്ത് ഇത്തവണ 22 പഞ്ചായത്തുകളിൽ മുന്നിലെത്താൻ ബിജെപിക്കു സാധിച്ചു. 1155 പഞ്ചായത്ത് മെംബർമാരും ഉണ്ടാകും. കഴിഞ്ഞ തവണ 933 മെംബർമാരാണുണ്ടായിരുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലെ 21 അംഗങ്ങൾ ഇത്തവണ 37 ആയി. ജില്ലാ പഞ്ചായത്തിൽ നഷ്ടമാണുണ്ടായത്. കഴിഞ്ഞ തവണത്തെ മൂന്നു സീറ്റ് ഇത്തവണ രണ്ടായി.
തിരുവനന്തപുരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച വെങ്ങാനൂർ സീറ്റിൽ ഇത്തവണ സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിയുമായ എസ്. സുരേഷിനെ മത്സരിപ്പിച്ചെങ്കിലും സീറ്റ് കൈവിട്ടു. ഒടുവിൽ കാസർഗോഡ് ജില്ലയിലെ രണ്ടു സീറ്റിൽ ഒതുങ്ങി.